പത്തനംതിട്ട : നെല്ല് സംഭരണ വിഷയത്തിൽ സപ്ലൈകോ മന്ത്രി ജി ആർ അനിൽകുമാർ പറയുന്നത് പച്ചക്കള്ളം ആണെന്ന് കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി രാഘവൻ പറഞ്ഞു. നെല്ലിൻ്റെ വില ഓണത്തിന് മുമ്പ് നൽകണമെങ്കിൽകേന്ദ്രത്തിൽ നിന്ന് മുൻവർഷങ്ങളിലെ കുടിശ്ശിക ഉൾപ്പെടെ കിട്ടണമെന്ന് വാർത്ത മാധ്യമങ്ങളിലൂടെമന്ത്രി നടത്തിയ പ്രസ്താവന ഈ വിഷയത്തിൽ മുൻകൂർ ജാമ്യം എടുത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കർഷകരെ വഞ്ചിക്കുന്ന നിലപാടാണ് വകുപ്പ് മന്ത്രിയുടെയും സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നത് കഴിഞ്ഞ 11 വർഷത്തിനുള്ളിൽ 10621. 68 കോടി രൂപ നെല്ല് സംഭരണത്തിന്റെ സബ്സിഡിക്കായി കേന്ദ്രം കേരളത്തിന് നൽകിയിട്ടുണ്ട്. ഇതുവരെ കൊടുത്ത കണക്ക് പ്രകാരം മുഴുവൻ തുകയും സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ടെന്നും ഒരു രൂപ പോലും ഈ ഇനത്തിൽ കേന്ദ്രം സംസ്ഥാന സർക്കാരിന് കൊടുക്കാൻ ഇല്ലെന്നും കേന്ദ്ര പൊതു വിതരണ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചതായി ഷാജിരാഘവൻ സൂചിപ്പിച്ചു.
പലപ്പോഴും ഒന്നാം വിളയുടെ കണക്കുകൾ മാത്രമാണ് കേന്ദ്രത്തിന് കൈമാറുക രണ്ടാം വിളയുടെ കണക്കുകൾ നൽകാൻ ഉപേക്ഷ കാണിക്കുന്നത് മൂലം അത് മുടങ്ങുകയാണ് പതിവെന്ന്ചില കർഷകർ ചൂണ്ടിക്കാട്ടി. ഇങ്ങനെ സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥത മൂലമാണ് കുടിശ്ശിക വന്നത്. എല്ലാ സീസണിലും നെല്ല് സംഭരണത്തിന് ശേഷം പൊതു വിതരണ ശൃംഖല വഴി വിതരണം ചെയ്യുകയും അതിൻ്റെ ഓഡിറ്റ് ചെയ്ത ഫൈനൽ സെറ്റിൽമെൻറ് കണക്ക് കേന്ദ്രത്തിന് നൽകുമ്പോഴാണ് കേന്ദ്രം പണം നൽകുന്നത്. ഈ ഫൈനൽ സെറ്റിൽമെൻറ് കണക്ക് കൊടുക്കാൻ സാധിക്കാത്തത് മൂലമാണ് ഓണക്കാലത്തും നെൽകർഷകർക്ക് ഈ ദുരവസ്ഥയ്ക്ക് കാരണമായത്.
സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ മൂലം നെൽക്കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കേന്ദ്രഗവൺമെന്റിനുമേൽ പഴിചാരി രക്ഷപ്പെടാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും ഷാജി രാഘവൻ കുറ്റപ്പെടുത്തി .നെല്ല് സംഭരിച്ച് 48 മണിക്കൂറിനുള്ളിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകാമെന്ന് പരസ്പര ധാരണയിൽ 2019-ൽ കേന്ദ്ര ഗവൺമെൻ്റും സംസ്ഥാന സർക്കാരും തമ്മിൽ ഉണ്ടാക്കിയ ധാരണാ പത്രം പോലും ആറുവർഷമായി മറച്ചുവെച്ച് കർഷകരെ വഞ്ചിച്ച സംസ്ഥാന സർക്കാരാണ് കുടിശ്ശികയുടെ പേരിൽ കേന്ദ്ര ഗവൺമെന്റിനെ കുറ്റപ്പെടുത്തുന്നത് ഈ യാഥാർത്ഥ്യങ്ങൾ പുറത്തുകൊണ്ടുവരാനും നെൽ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും വേണ്ടി കേരളത്തിലെ സംയുക്തകർഷക സമരസമിതിയുടെനേതൃത്വത്തിൽ ഈ മാസം ഇരുപതാം തീയതി പാലക്കാട് വെച്ച് ‘സമര പ്രഖ്യാപനവുംതുടർന്നുള്ള സമരപരിപാടികൾക്ക് രൂപം കൊടുക്കുമെന്നും കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി രാഘവൻ പറഞ്ഞു.


