സീപ്ലെയിൻ അതിഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും ; വനം വകുപ്പിന്റെ റിപ്പോർട്ട്
ഇടുക്കി – രാഷ്ട്രീയക്കാരുടെ പോക്കറ്റ് വികസനത്തിന്റെ മുഖമുദ്രയായി പണ്ടും ഇപ്പോഴും ആരോപിക്കപ്പെടുന്ന, മാട്ടുപ്പെട്ടിയിൽ പറന്നിറങ്ങിയ സീ പ്ലെയ്ൻ അതി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ട് . മാട്ടുപ്പെട്ടി അണക്കെട്ടിലെ ജലാശയം ഉൾപ്പെടുന്നത് പരിസ്ഥിതിലോല മേഖലയിൽ (ഇഎസ്എ). സീ പ്ലെയ്ൻ തുടർന്നും സർവ്വീസ് നടത്തിയാൽ മനുഷ്യ– വന്യജീവി സംഘർഷത്തിനു കാരണമാകുമെന്നും ഈ സംഘർഷം ലഘൂകരിക്കാൻ ദേശീയ വന്യജീവി ബോർഡിന്റെ അംഗീകാരത്തോടെ പ്രത്യേക പദ്ധതി തയാറാക്കണമെന്നും വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
സീ പ്ലെയ്നിന്റെ പരീക്ഷണപ്പറക്കലുമായി ബന്ധപ്പെട്ടു വെള്ളിയാഴ്ച ജില്ലാ ഭരണകൂടം വനം വകുപ്പിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് പരിസ്ഥിതിലോല മേഖലയിൽപ്പെടുന്ന പ്രദേശമാണു മാട്ടുപ്പെട്ടി അണക്കെട്ടിലെ വൃഷ്ടിപ്രദേശമെന്നു വനം വകുപ്പ് ചൂണ്ടിക്കാട്ടിയത്. ആനമുടിച്ചോല ദേശീയ പാർക്ക്, പാമ്പാടുംചോല ദേശീയ പാർക്ക്, കുറിഞ്ഞിമല സങ്കേതം എന്നിവ ഉൾപ്പെട്ട പ്രദേശമാണ് മാട്ടുപ്പെട്ടി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം. വംശനാശം നേരിടുന്ന അപൂർവ ജീവികൾ ഉൾപ്പെടുന്ന പ്രദേശമാണ് ഇവിടം. വന്യജീവി നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട കാട്ടാനകൾ ജലസംഭരണിയിലൂടെ തുടർച്ചയായി കടന്നുപോകുന്നതു റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

