സ്വാതന്ത്ര്യ ദിനാഘോഷം: പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ് ദേശീയപതാക ഉയർത്തും

Pathanamthitta

പത്തനംതിട്ട – രാജ്യത്തിന്റെ 79-മത് സ്വാതന്ത്ര്യദിനാഘോഷത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച്ച (ഓഗസ്റ്റ് 15) രാവിലെ ഒമ്പതിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ദേശീയപതാക ഉയർത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. തുടർന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും.

രാവിലെ എട്ടിന് പരിപാടികൾ ആരംഭിക്കും. 8.45ന് പരേഡ് കമാൻഡർ പരേഡിന്റെ നിയന്ത്രണം ഏറ്റെടുക്കും. 8.50ന് ജില്ലാ പൊലീസ് മേധാവിയുടെ ആഗമനം, 8.53ന് ജില്ലാ കളക്ടറുടെ ആഗമനം. 9ന് മുഖ്യാതിഥിയായ മന്ത്രി ദേശീയ പതാക ഉയർത്തും. തുടർന്ന് പരേഡ് കമാൻഡർക്കൊപ്പം മന്ത്രി പരേഡ് പരിശോധിക്കും. പരേഡ് മാർച്ച് പാസ്റ്റിനും മുഖ്യാതിഥിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിനും ശേഷം സ്‌കൂൾ വിദ്യാർഥികളുടെ സാംസ്‌കാരിക പരിപാടി അരങ്ങേറും.

പൊലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയർഫോഴ്‌സ് രണ്ട്, എക്‌സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് നാല്, ജൂനിയർ റെഡ് ക്രോസ് മൂന്ന്, ഡിസ്‌പ്ലേ ബാൻഡ് സെറ്റ് രണ്ട് എന്നിങ്ങനെയാണ് പ്ലറ്റൂണുകളുടെ എണ്ണം. പെരുനാട് പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി വിഷ്ണുവാണ് പരേഡ് കമാൻഡർ. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ സാംസ്‌കാരി പരിപാടി, ദേശഭക്തിഗാനം, സുംബാ ഡാൻസ്, വഞ്ചിപ്പാട്ട്, നാഷണൽ ഇന്റഗ്രേഷൻ ഡാൻസ് എന്നിവ അവതരിപ്പിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രൂപ്പുകൾക്കുള്ള ട്രോഫികളുടെ വിതരണവും സമ്മാനദാനവും മന്ത്രി നിർവഹിക്കും.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ വീക്ഷിക്കുന്നതിന് പൊതുജനങ്ങൾ രാവിലെ 7.30ന് കോളജ് ഗ്രൗണ്ടിൽ എത്തണമെന്ന് ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും വീടുകളും വ്യാപാര സ്ഥാപനങ്ങളും കൊടിതോരണങ്ങളാൽ അലങ്കരിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു. എഡിഎം ബി ജ്യോതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അവസാനവട്ട ഒരുക്കം വിലയിരുത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *