പത്തനംതിട്ട – സുഹൃത്തിന്റെ ബൈക്കിൽ കോട്ടയത്തുപോയിട്ട് തിരിച്ചു വരവേ, ബന്ധുവിന്റെ വീട്ടിലേക്ക് പോകുംവഴി ഒരു വീട്ടുമുറ്റത്ത് ഇൻഡിക്കേറ്റർ അണക്കാതെവച്ചിരുന്ന ബൈക്ക് മോഷ്ടിച്ചുകൊണ്ടുപോയ കേസിൽ പ്രതികളെ കോടതി ഒരുവർഷം കഠിനതടവിനു ശിക്ഷിച്ചു. കോയിപ്രം പോലീസ് ഈ മാർച്ച് 26 ന് രജിസ്റ്റർ ചെയ്ത കേസിൽ പിറ്റേന്നുതന്നെ അറസ്റ്റിലായ മോഷ്ടാക്കളെയാണ് കോടതി ശിക്ഷിച്ചത്. ഇപ്പോൾ ആലപ്പുഴ ബോട്ട് യാർഡിൽ താമസിക്കുന്ന, തിരുവനന്തപുരം മുല്ലശ്ശേരി കരകുളം സന്ധ്യ ഭവൻ അജയന്റെ മകൻ അഖിൽ എന്ന് വിളിക്കുന്ന അനിൽ കുമാർ (22), പെരിങ്ങര ചാത്തങ്കരി പുതുപ്പറമ്പിൽ ശശിയുടെ മകൻ ശരത് (22) എന്നിവരെയാണ് പത്തനംതിട്ട ജെ എഫ് എം സി കോടതി രണ്ട് ശിക്ഷിച്ചത്.
മാർച്ച് 23 പുലർച്ചെ 1.30 ന് വെണ്ണിക്കുളത്തെ വീട്ടുമുറ്റത്തിരുന്ന മോട്ടോർ സൈക്കിളാണ് ഇരുവരും കൂടി തള്ളി റോഡിലാക്കി മോഷ്ടിച്ചു കൊണ്ടുപോയത്. ഇതര ജില്ലകളിലേക്ക് കോയിപ്രം പോലീസ് വിവരം കൈമാറിയതിനെതുടർന്ന്, ആലപ്പുഴ പുന്നപ്ര പോലീസിന്റെ രാത്രി കാല പട്രോളിംഗ് സംഘം മോഷ്ടാക്കളെ ബൈക്കുമായി സംശയകരമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾ മോട്ടോർ സൈക്കിളിന്റെ നമ്പർ ചുരണ്ടി മാറ്റിയിരുന്നു. കോയിപ്രം പോലീസെത്തി പ്രതികളെ ബൈക്ക് ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത്, പിന്നീട് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിക്കുകയും ചെയ്തു. 27 മുതൽ ജയിലിലായിരുന്ന പ്രതികളെ വിചാരണയ്ക്ക് ശേഷം കുറ്റക്കാരെന്നു കണ്ട് ജെ എഫ് എം കോടതി രണ്ട് മജിസ്ട്രേറ്റ് വി രാജീവാണ് കഠിനതടവിന് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കാവ്യ എസ് നായർ ഹാജരായി.


