അടൂർ – ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമെന്ന് കണ്ണും മനസും നിറഞ്ഞ് കൊച്ചുകുഞ്ഞും ഭാര്യ അമ്മിണിയും. സ്വന്തമായി ഒരു തുണ്ട് ഭൂമിയെന്ന സ്വപ്ന സാക്ഷാൽകാരത്തിന്റെ സന്തോഷത്തിലാണ് ദമ്പതികൾ. പെരിങ്ങനാട് വില്ലേജിലെ ചിരണിക്കൽ പടിഞ്ഞാറ്റേതിൽ വീട്ടിലെ 60 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കടമ്പനാട് കെ.ആർ.കെ.പി.എം ബി.എച്ച്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അടൂർ റവന്യു പട്ടയമേളയിൽ മന്ത്രി കെ രാജൻ അവകാശരേഖ കൈമാറിയത്. താമസിക്കുന്ന ഭൂമിക്ക് രേഖയില്ലാത്തതിനാൽ ക്രയവിക്രയമോ വായ്പയെടുക്കാനോ സാധിച്ചിരുന്നില്ല. പ്രായാധിക്യത്താൽ രോഗ ബാധിതരായ ദമ്പതികൾക്ക് സർക്കാരിന്റെ ക്ഷേമ പെൻഷനാണ് ഏക ജീവിത മാർഗം. എൺപതാം വയസിൽ തങ്ങളെ തേടിയെത്തിയ സൗഭാഗ്യത്തിൽ സർക്കാരിനോട് നന്ദി പറയാനും കൊച്ചു കുഞ്ഞും അമ്മിണിയും മറന്നില്ല. വിജയമ്മ, ഗീത, ലത എന്നിവരാണ് മക്കൾ.


