അടൂർ – പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് പട്ടയം ലഭ്യമായതിന്റെ സന്തോഷത്തിലാണ് അടൂർ പെരിങ്ങനാട് പള്ളിക്കൽ പഞ്ചായത്തിലെ പാറക്കൂട്ടം വാർഡ് നിവാസികൾ. അടൂർ കടമ്പനാട് കെ.ആർ.കെ.പി.എം ബി.എച്ച്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പട്ടയമേളയിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ 17 കുടുംബങ്ങൾക്ക് പട്ടയം കൈമാറി. 26.93 ആർ സ്ഥലം പട്ടയമായി ലഭിക്കും.
കെ രാമചന്ദ്രൻ, ഇന്ദിര, ശകുന്തള, സെബാസ്റ്റ്യൻ, പ്രേമകുമാരി, കൊച്ചുകുഞ്ഞ്, ബി സുമതി, സി ലീല, ബാബു, തങ്കമണി, മണിയമ്മ, ഓമന, വിശ്വനാഥ്, ഭാരതി, കെ അനിൽ, എൻ ഗോപാലകൃഷ്ണൻ എന്നിവർക്കാണ് പട്ടയം ലഭിച്ചത്. ഭൂമിയുടെ അവകാശം തെളിയിക്കുന്ന രേഖ കൈവശമില്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളും വായ്പയും ഇവർക്ക് ലഭിച്ചിരുന്നില്ല. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ കുടുംബങ്ങൾക്ക് സ്വന്തം ഭൂമി എന്നത് സ്വപ്നമായിരുന്നു. ജനിച്ചു വളർന്ന ഭൂമി പേരിൽ ലഭിച്ച സന്തോഷത്തിലാണ് നിവാസികൾ. വരും തലമുറയ്ക്ക് അഭിമാനത്തോടെ കേറി കിടക്കാൻ ഇടമായതിൽ മനസ് നിറഞ്ഞാണ് ഓരോ കുടുംബവും പട്ടയമേളയിൽ നിന്നും പോയത്.
What do you feel about this post?
Like
Love
Happy
Haha
Sad

