അടൂർ – പൊതുജനങ്ങൾക്ക് ഏറ്റവും വേഗതയിലും സുതാര്യവുമായി സേവനം ലഭ്യമാക്കാൻ ഡിജിറ്റൽ റീ സർവേ പൂർത്തിയായ വില്ലേജുകളിൽ ഡിജിറ്റൽ റവന്യൂ കാർഡ് പൈലറ്റ് പ്രോജക്ട് നവംബറിൽ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. അങ്ങാടിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പൊതുജനത്തിന് വ്യക്തിപരമായ റവന്യൂ വിവരങ്ങൾ ചിപ്പ് പതിപ്പിച്ച ഒറ്റ കാർഡിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
‘ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് ‘ എന്ന മുഖമുദ്രവാക്യത്തോടുകൂടി സംസ്ഥാനത്ത് റവന്യൂ വകുപ്പ് നടപ്പാക്കുന്ന പ്രവർത്തനം ശ്രദ്ധേയമാണ്. അതിവേഗവും സുതാര്യവുമായ റവന്യൂ നടപടി ക്രമങ്ങളിലേക്ക് കടക്കാൻ ഉതകുന്ന ഡിജിറ്റൽ റീസർവെ രണ്ട് വർഷം പൂർത്തിയാകുമ്പോൾ എട്ട് ലക്ഷം ഹെക്ടർ ഭൂമി, 60 ലക്ഷം ലാൻഡ് പാഴ്‌സലുകൾ എന്നിവ അളന്നു തിട്ടപ്പെടുത്തി.
കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ നാലു ലക്ഷത്തിലേറെ പേർക്ക് പട്ടയം വിതരണം ചെയ്തു. വർഷങ്ങളായി വിതരണം ചെയ്യാൻ സാധിക്കാതിരുന്ന പട്ടയങ്ങളുടെ പൂർത്തീകരണത്തിനു ഡിജിറ്റൽ റീസർവയിലൂടെ സാധിച്ചു. സമഗ്രവും ജനകീയവും ആധുനികവുമായ റവന്യൂ സേവനങ്ങളിലേക്ക് കടക്കുന്ന കാലത്ത് വില്ലേജുകൾ സ്മാർട്ട് ആകേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്തെ 600 ഓളം വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആയി. ജനങ്ങൾക്ക് പ്രാപ്യമായ വിധത്തിൽ റവന്യൂ സംവിധാനം വികസിപ്പിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എല്ലാ മേഖലയിലും സമഗ്രവികസനമാണ് സർക്കാർ നടപ്പാക്കുന്നതെന്ന് അധ്യക്ഷനായ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ മണ്ഡലവും വികസന പാതയിലാണ്. ചന്ദനപ്പള്ളി സർക്കാർ ആശുപത്രിയുടെ നിർമാണ പ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 110 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ആനയടി- കൂടൽ റോഡിന്റെ രണ്ടാംഘട്ടവും അടൂർ അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണവും ഉടൻ ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.
പൊതുമരാമത്ത് കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബിജി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. 2020-21 പദ്ധതി വിഹിതത്തിൽ നിന്ന് 44 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാർട്ട് വില്ലേജ് നിർമിച്ചത്. വില്ലേജ് ഓഫീസർ മുറി, ഓഫീസ്, ഡോക്യുമെന്റ് മുറി, വെയിറ്റിംഗ് ഏരിയ, ഡൈനിംഗ് മുറി, ടോയ്‌ലെറ്റുകൾ എന്നിവ ഉൾപെടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, എഡിഎം ബി. ജ്യോതി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ, വൈസ് പ്രസിഡന്റ് ധന്യാ ദേവി, അംഗം സൂര്യകലാദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. രാജീവ്, അടൂർ ആർഡിഒ എം. ബിപിൻകുമാർ, അടൂർ തഹസിൽദാർ ജോൺ സാം, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ. കെ. അശോക് കുമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ. എൻ. സലിം, ഡി. സജി, പ്രകാശ് ബി ജോൺ, രാജൻ സുലൈമാൻ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

