പത്തനംതിട്ട – പട്ടികജാതി വിദ്യാർഥികൾക്ക് സർക്കാരിന്റെ കരുതൽ . കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ‘പഠനമുറി’ ഒരുക്കി പട്ടികജാതി വികസനവകുപ്പ്. ഒമ്പതു വർഷത്തിനിടെ ജില്ലയിൽ പഠനമുറി ലഭിച്ചത് 2347 വിദ്യാർഥികൾക്ക്. വീട്ടിൽ മതിയായ സ്ഥലസൗകര്യം ഇല്ലാത്ത പട്ടികജാതി വിദ്യാർഥികൾക്ക് പഠനസാമഗ്രികളുള്ള മുറി നിർമിച്ച് പഠിക്കാനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതാണ് പഠനമുറി. പദ്ധതിയിലൂടെ 2017-2021 വരെ 1455 പഠനമുറികൾ ജില്ലയിൽ അനുവദിച്ചു. രണ്ടാം പിണറായി വിജയൻ സർക്കാർ അനുവദിച്ച 1247 പഠനമുറികളിൽ 892 എണ്ണവും പൂർത്തിയായി. ബാക്കിയുള്ളവ നിർമാണം പുരോഗമിക്കുന്നു.
പട്ടികജാതി വിഭാഗത്തിൽപെട്ട അഞ്ചു മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥികളാണ് ഗുണഭോക്താക്കൾ. ഒരു പഠനമുറിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, സാങ്കേതിക, കേന്ദ്രീയ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ധനസഹായം. 800 ചതുരശ്ര അടിയിൽ താഴെയുള്ള നിലവിലെ വീടിനോട് ചേർന്ന് 120 ചതുരശ്ര അടി വിസ്തൃതിയിലാണ് പഠനമുറി നിർമാണം. മതിയായ സ്ഥലസൗകര്യമില്ലാത്തവർക്ക് നിലവിലെ വീടിന്റെ മുകളിലും പഠനമുറി ഒരുക്കും. നാല് ഗഡുക്കളായാണ് ധനസഹായം. കരാറാകുമ്പോൾ 30,000 രൂപ, അടിത്തറയ്ക്ക് 60,000 രൂപ, മേൽക്കൂരയ്ക്ക് 80,000 രൂപ, പ്ലാസ്റ്ററിംഗ്, വൈറ്റ് വാഷ് തുടങ്ങിയവ പൂർത്തിയാകുമ്പോൾ 30,000 രൂപയും നൽകും.

ഈ വർഷം സംസ്ഥാനത്ത് 5000 വിദ്യാർത്ഥികൾക്ക് കൂടി പഠനമുറി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ജില്ലയിൽ 300 പേർക്ക് ആനുകൂല്യം ലഭിക്കും. പദ്ധതിക്കായുള്ള അപേക്ഷ ഓഗസ്റ്റ് 30 വരെ സ്വീകരിക്കും. ഗ്രാമസഭ പട്ടികയിൽ പേരില്ലാത്തവർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ, പട്ടികജാതി വികസന വകുപ്പ് ഓഫീസുകളിൽ അപേക്ഷിക്കണം. അപേക്ഷ ഫോമും കൂടുതൽ വിവരവും പട്ടികജാതി ഓഫീസുകളിൽ നിന്ന് ലഭിക്കും.
വീടുകളോടുചേർത്ത് പഠനമുറികൾ നിർമിക്കുന്നതിനൊപ്പം ‘സേഫ്’ പദ്ധതിക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങളോടെ ഭവനങ്ങളൊരുക്കാൻ പട്ടിക വിഭാഗ കുടുംബങ്ങളെ പര്യാപ്തമാക്കുന്ന പദ്ധതിയാണ് സേഫ് പദ്ധതി. 2021 ലാണ് സേഫ് പദ്ധതി ആരംഭിച്ചത്. സുരക്ഷിത മേൽക്കൂര, നിലവാരമുള്ള അടുക്കള, ടൈലിട്ട തറ, പ്ലമ്പിംഗ്, വയറിംഗ്, പ്ലാസ്റ്ററിംഗ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഒരുക്കും. വാസയോഗ്യവും സുരക്ഷിതവുമായ വീടുകൾ നിർമിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാല് വർഷം കൊണ്ട് സേഫ് വഴി ജില്ലയിൽ 2156 വീടുകൾ പൂർത്തിയാക്കി.


