പശ്ചാത്തല വികസനത്തിൽ സർക്കാർ സാധ്യമാക്കിയത് വലിയ മാറ്റങ്ങൾ :മന്ത്രി പി.എ മുഹമ്മദ് റിയാസ്

Pathanamthitta

റാന്നി – പശ്ചാത്തല വികസനത്തിൽ വലിയ മാറ്റങ്ങൾ സർക്കാർ സാധ്യമാക്കിയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. റാന്നി നിയോജക മണ്ഡലത്തിലെ വിവിധപൊതുമരാമത്ത് പദ്ധതികളുടെ പൂർത്തീകരണ – നിർമ്മാണ ഉദ്ഘാടനങ്ങൾ കക്കുടുമണ്ണിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. നാലു കോടി രൂപ ചിലവഴിച്ച് സിവിൽ സ്റ്റേഷന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതോടെ റാന്നിയിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിലേക്ക് മാറും. സർക്കാർ സംവിധാനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കാൻ റാന്നിയിലെ സിവിൽ സ്റ്റേഷൻ ഉപകാരപ്പെടും. ബി എം ബിസി നിലവാരത്തിൽ മികച്ച റോഡായി ഉയർത്തിയ 3.8 കി. മി ദൈർഘമുള്ള എഴുമറ്റൂർ ശാസ്താംകോയിക്കൽ റോഡ് നാലര കോടി രൂപയിലാണ് നവീകരിച്ചത്.

2023-24 ബജറ്റിൽ ഉൾപ്പെടുത്തി 10 കോടി രൂപ അനുവദിച്ച് ഇട്ടിയപ്പാറ – ഒഴുവൻപാറ – വടശേരിക്കര റോഡ് നവീകരണം സാധ്യമാകുന്നത്.
ദേശീയപാതകളും, സംസ്ഥാനപാതകളും, പൊതുമരാമത്ത് റോഡുകളും സംസ്ഥാനമെങ്ങും നവീകരിക്കപ്പെടുകയാണ്. കേരളത്തെ പശ്ചാത്തല വികസനത്തിന്റെ ഹബ് ആയി മാറ്റുക എന്ന സർക്കാർ നയം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ദേശീയ പാത വികസനം അതിൽ പ്രധാനം ആണ്.

സംസ്ഥാനസർക്കാരിന്റെ പരിശ്രമങ്ങളുടെ ഫലമായി കാസറഗോഡ്- തിരുവനന്തപുരം ദേശീയപാത 2025 അവസാനത്തോടെ യാഥാർഥ്യമാകും. തീരദേശ ഹൈവേയും മലയോരഹൈവേയും സമീപകാലത്തു തന്നെ പൊതുജനങ്ങൾക്കായി ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തിൽ ആധുനിക നിലവാരത്തിൽ പുനർ നിർമിക്കുന്ന അത്തിക്കയം – കക്കുടുമൺ മന്ദമരുതി റോഡ്, ഇട്ടിയപ്പാറ – ഒഴുവൻപാറ – വടശേരിക്കര റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും നാലു കോടി രൂപ ചിലവഴിച്ച് നിർമിച്ച റാന്നി മിനി സിവിൽ സ്റ്റേഷന്റെയും ശബരിമല റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 4.5 കോടി രൂപ ചിലവഴിച്ച് ബിഎം ബിസി നിലവാരത്തിൽ നിർമിച്ച എഴുമറ്റൂർ ശാസ്താംകോയിക്കൽ റോഡിന്റെയും പൂർത്തീകരണ ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചത്.

സിവിൽ സ്റ്റേഷനു സമീപത്തു കോടതി സമുച്ചയത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനങ്ങളുടെ അനാച്ഛാദനം നിർവഹിച്ചു പറഞ്ഞു. റാന്നിയിൽ ഒഡെപെക് കാമ്പസും അപേക്ഷിക്കുന്ന എല്ലാവർക്കും ജോലി ലഭ്യമാക്കുന്നതിന് ജോബ് സ്റ്റേഷൻ റാന്നി ബ്ലോക്ക് പഞ്ചായത്തിലും ആരംഭിക്കും. മണ്ഡലത്തിൽ ആധുനിക നിലവാരത്തിൽ പുനർ നിർമിക്കുന്ന റോഡുകൾ പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് സഹായിക്കും. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം സാധ്യമാക്കുമെന്നും എംഎൽഎ പറഞ്ഞു.

7.70 കി.മി ദൈർഘ്യമുള്ള ഇട്ടിയപ്പാറ -ഒഴുവൻപാറ -വടശേരിക്കര റോഡ് നവീകരികരണത്തിനു 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. റാന്നി പഴവങ്ങാടി, വടശേരിക്കര പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡ് 5.50 മീറ്റർ വീതിയിൽ കാര്യേജ് വേ വീതികൂട്ടി, മുഴുവൻ നീളത്തിലും റോഡ് ഉയർത്തി ബിഎം ബിസി നിലവാരത്തിൽ നവീകരണം നടത്തുന്നത്. 12.5 കോടി രൂപ ചിലവിൽ 8.30 കി മി ദൈർഘ്യമുള്ള അത്തിക്കയം – കക്കുടുമൺ മന്ദമരുതി റോഡ് റാന്നി പഴവങ്ങാടി, നാറാണംമൂഴി എന്നീ പഞ്ചായത്തുകളിലുടെയാണ് കടന്നു പോകുന്നത്. ശബരിമല റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 4.5 കോടി രൂപ ചിലവഴിച്ചാണ് ബി. എം. ബിസി നിലവാരത്തിൽ നിർമിച്ച എഴുമറ്റൂർ ശാസ്താംകോയിക്കൽ റോഡ് പൂർത്തീകരിച്ചത്.
നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ് മോഹനൻ, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, മുൻ എംഎൽഎ രാജു എബ്രഹാം, പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീനാ രാജൻ , ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *