ആറൻമുള – ഗവൺമെൻ്റ് ഹയർസെക്കൻ്ററി സ്ക്കൂൾ കെട്ടിടത്തിൻ്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയ സംഭവത്തിൽ മെയിൻ്റനൻസ് വർക്ക് ചെയ്ത് കെട്ടിടം ഉപയോഗ യോഗ്യമാക്കുമെന്ന് മുൻ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും നിലവിൽ ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു.
ഇന്ന് ഉച്ചക്ക് ശേഷം വിളിച്ച് ചേർത്ത പിടിഎ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അഡ്വ. ഓമല്ലൂർ ശങ്കരൻ. പഞ്ചായത്ത് അധികൃതർ ഉന്നത ഉദ്യോഗസ്ഥരേയും ജില്ലാ പഞ്ചായത്ത് അംഗമായ താനുൾപ്പടെയുള്ള ജനപ്രതിനിധികളെയും അറിയിക്കാതെ കെട്ടിടത്തിൻ്റെ ഫിറ്റ്നസ് റദ്ദാക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത് എന്ന് അഡ്വ: ഓമല്ലൂർ ശങ്കരൻ കുറ്റപ്പെടുത്തി. കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിരുന്നു എന്നത് സത്യമാണ്. കെട്ടിടത്തിൻ്റെ മെയിൻ്റനൻസ് വർക്കിനായി 20 ലക്ഷം രൂപ അനുവദിച്ചതായും ഈ ആഴ്ച്ച തന്നെ എസ്റ്റിമേറ്റ് എടുത്ത് മെയിൻ്റനെൻസ് വർക്ക് നടത്തി കെട്ടിടം ഉപയോഗ യോഗ്യമാക്കും എന്നും അദ്ദേഹം സംയുക്ത യോഗത്തിൽ അറിയിച്ചു. മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉന്നയിച്ചത്.


