കോഴഞ്ചേരി: ജനകീയ ഹോട്ടൽ അടഞ്ഞിട്ട് ഒരു വർഷം പൂർത്തിയാകുമ്പോഴും തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ ഒരു ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. പഞ്ചായത്ത് സ്‌റ്റേഡിയത്തിൽ ജനകീയ ഹോട്ടലിന്റെ പ്രവർത്തനം നിലച്ചിട്ടാണ് ഒരു വർഷം കഴിയുന്നത്. ഹോട്ടൽ അടച്ചതോടെ സാധാരണക്കാരുടെ അന്നവും മുടങ്ങി. കോവിഡ് കാലഘട്ടത്തിൽ ആരംഭിച്ച സാമൂഹിക അടുക്കള പിന്നീട് ജനകീയ ഹോട്ടലാക്കി ആയിരുന്നു തുടക്കം. സ്‌റ്റേഡിയത്തിന് സമീപം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് പഞ്ചായത്തിന്റെ ജനകീയ ഹോട്ടൽ തുറന്നത്.
കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു ഹോട്ടൽ നടത്തിപ്പ്. സംസ്ഥാന സർക്കാരിൽ നിന്നും കുടുംബശ്രീ ജില്ലാ മിഷൻ വഴി സബ്‌സിഡിയും ഇതിന് ലഭിച്ചിരുന്നു. ഭക്ഷണം കഴിക്കാൻ എത്തുന്നവരിൽ നിന്നും ഈടാക്കുന്ന തുകക്ക് പുറമെ ഓരോ ഭക്ഷണത്തിനും 10 രൂപ വീതം ആയിരുന്നു സർക്കാരിൽ നിന്നും സബ്‌സിഡി ആയി ലഭിച്ചിരുന്നത്. സ്‌പെഷൽ ഭക്ഷണത്തിനു വില വേറെയും നൽകണം. ഇത്രയൊക്കെ ആയിരുന്നു വരുമാനം. എന്നാൽ ഗ്രാമപഞ്ചായത്ത് അറിയാതെ ബാങ്ക് വായ്പയെടുത്തു എന്ന് കണ്ടെത്തിയതോടെ സംഘാടകർക്ക് നോട്ടീസ് നൽകി.
വായ്പയ്ക്കായി ഹോട്ടൽ ഈട് നൽകുകയും ചെയ്തതായും രേഖകളിൽഉ ണ്ടായിരുന്നതായും റിപ്പോർട്ടിൽ ഉണ്ടത്രേ. ഇതിനു പുറമെ ബന്ധപ്പെട്ട
യൂണിറ്റിൽ അംഗമല്ലാത്തവരെ ഉൾപ്പെടുത്തുകയും ഇവരെ ഭാരവാഹികൾ ആക്കിയതായും പരാതി ഉയർന്നിരുന്നു. ഇതൊന്നും ബന്ധപ്പെട്ട അധികൃതർ അറിഞ്ഞിരുന്നുമില്ല. എന്നാൽ ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള അന്വേഷണം എത്തിയപ്പോഴാണ് ഗ്രാമ പഞ്ചായത്തും ഇക്കാര്യം അറിയുന്നത്. ഇതോടെ പുതിയ വായ്പ എടുക്കാനുള്ള നീക്കം തടഞ്ഞു. ഇതോടെയാണ് ജനകീയ ഹോട്ടൽ അടച്ചിട്ടത്. ഹോട്ടലിന്റെ വരവ്-ചെലവ് കണക്കുകളിൽ അപാകത കണ്ടെത്തുകയും ചെയ്തു. ഇതോടെ പഞ്ചായത്ത് കമ്മിറ്റി ചേർന്ന് നടത്തിപ്പുകാരോട് വിശദീകരണം ചോദിക്കുകയും 2023 മേയ് 31വരെ നിലവിലുള്ള സംവിധാനം തുടരൻ അനുവദിക്കുകയും ചെയ്തു.
എന്നാൽ ഹോട്ടൽ നടത്താൻ താത്പര്യമില്ലെന്ന നിലപാടിൽ പ്രവർത്തകർ എത്തുകയും അടച്ചിടുകയും ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്റെ ഫണ്ട് ഉപയോഗിച്ചാണ് ജനകീയ ഹോട്ടലിലേക്ക് ആവശ്യമായ ഫർണീച്ചറുകളും പാത്രങ്ങളും ഉപകരണങ്ങളും വാങ്ങിയത് .ഇതിനാൽ തന്നെ പഞ്ചായത്തിനും കുടുംബശ്രീക്കും ഉത്തരവാദിത്വം ഉണ്ടെങ്കിലും ഇവർ ഇതിലേക്ക് ശ്രദ്ധിക്കാതിരുന്നതാണ് സാമ്പത്തിക ഇടപാടുകൾക്ക് വരെ
നിദാനമായത് എന്ന് പറയുന്നു. പ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചതായി ഉള്ള അറിയിപ്പ് ജനകീയ ഹോട്ടലിന് മുൻപിൽ പതിച്ചിരുന്നു. പ്രവർത്തനം നിർത്തി ഒരു വർഷം കഴിയുമ്പോഴും വീണ്ടും ആരംഭിക്കാനായുള്ള ഒരു ശ്രമവും ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പുതുതായി അപേക്ഷകൾ ക്ഷണിച്ച് കൂടിക്കാഴ്ച നടത്തിയെങ്കിലും ആരും തയാറായി വന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
അറ്റകുറ്റപ്പണികൾ നടത്താതെ കെട്ടിടം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലേക്ക് പോകുകയാണ്. ഇത് നന്നാക്കി നൽകണമെന്നും പുതിയ സംരംഭകരായി എത്തിയവർ ആവശ്യപ്പെട്ടു. ഇതിന് പഞ്ചായത്ത് കമ്മറ്റി അനുമതി നൽകാതെ വന്നതോടെ ഹോട്ടൽ തുറക്കാൻ കഴിയാത്ത സ്ഥിതിയിൽ തന്നെ തുടരുകയാണ്.


