വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ ഓഗസ്റ്റ് 7വരെ പേര് ചേർക്കാമെന്ന് ജില്ലാ കലക്ടർ:

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി പുനർവിഭജിച്ച വാർഡുകളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും ഓഗസ്റ്റ് ഏഴുവരെ ഓൺലൈനായി സമർപ്പിക്കാമെന്ന് ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ അറിയിച്ചു. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയാരുന്നു കലക്ടർ. 2025 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയും മരണപ്പെട്ടവരെയും സ്ഥിരമായി താമസം മാറിപ്പോയവരെയും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയും കുറ്റമറ്റ രീതിയിൽ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ പൂർത്തിയാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം 4, ഉൾക്കുറിപ്പുകളെ സംബന്ധിച്ച ആക്ഷേപം ഫോറം 6, സ്ഥാനമാറ്റം ഫോറം 7, പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ ഫോറം 5, പ്രവാസി വോട്ടർമാരെ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം 4എ എന്നിവ ഉപയോഗിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാം.

തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബീന എസ്. ഹനീഫ്, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. രാജേഷ് കുമാർ, ഇ.ആർ.ഒമാർ, എ.ഇ.ആർ.ഒമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *