ഇത് ഹർത്താലിന് ഇടുന്ന ചിത്രമാണ് ; ഡ്രൈവിംഗ് പരിശീലനം എന്നത് ജീവിത മാർഗ്ഗം ആക്കിയ പതിനായിരങ്ങളുടെ ജീവിതം ഹർത്താലിലേക്ക് !!

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട് പുതിയ മന്ത്രിയുടെ വരവോടെ മോട്ടോർ വാഹന വകുപ്പ് നിർദേശിച്ച പരിഷ്കാരങ്ങൾ സംസ്ഥാനത്തെ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പരിഷ്കാരങ്ങളുടെ ഭാഗമായി മേയ് മാസത്തിൽ ഡ്രൈവിംഗ് ടെസ്റ്റിനായി ബുക്ക് ചെയ്തിരുന്ന സ്ളോട്ടുകൾ മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞദിവസം റദ്ദാക്കിയതും പുതിയ ബുക്കിംഗുകൾക്ക് ഒരുമാസത്തിലധികം കാലതാമസം ഉണ്ടാകുന്നതുമാണ് പരീക്ഷാർത്ഥികൾക്കൊപ്പം ഡ്രൈവിംഗ് പരിശീലകരെയും വലയ്ക്കുന്നത്.

അന്യസംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പോകേണ്ടവരുൾപ്പെടെ മദ്ധ്യവേനലവധിക്കാലത്താണ് ഡ്രൈവിംഗ് പരിശീലനം നടത്തുന്നത്. ഈ ലക്ഷ്യത്തോടെ മാസങ്ങൾക്ക് മുമ്പേ സ്ളോട്ട് ബുക്ക് ചെയ്ത 70 ഓളം പേരുടെ ബുക്കിംഗാണ് കഴിഞ്ഞദിവസം മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്. മേയ് 1 മുതൽ ദിവസം 30 പേർക്ക് മാത്രം ടെസ്റ്റ് നടത്തിയാൽ മതിയെന്ന നിർദേശം വന്നതോടെ മദ്ധ്യവേനലിൽ ഡ്രൈവിംഗ് പരിശീലനത്തിനെത്തുന്നവരിൽ പലരും ലേണേഴ്സിന് പോലും അപേക്ഷിക്കാതെ മടങ്ങിപ്പോകുന്ന സ്ഥിതിയാണുള്ളത്.

ഹർത്താൽ വിശേഷങ്ങൾ ഇങ്ങനെ ..
1.ഓരോ ഡ്രൈവിംഗ് സ്കൂളിലും കുറഞ്ഞത് അമ്പത് പേർ ഡ്രൈവിംഗ് പരിശീലനത്തിനെത്തിയിരുന്ന മദ്ധ്യവേനൽക്കാലത്ത് ഈ സീസണിൽ മിക്ക സ്കൂളുകളിലും ഒരാൾപോലും പരിശീലനത്തിന് ചേർന്നിട്ടില്ല.

2.പരിശീലനത്തിന് മുന്നോടിയായി ലേണേഴ്സ് എടുക്കാൻ ശ്രമിക്കുമ്പോൾ 45 ദിവസത്തിന് ശേഷമുള്ള സ്ളോട്ടുകളാണ് ബുക്കിംഗിന് ലഭിക്കുന്നത്. ഇതോടെ പഠിതാക്കൾ മടങ്ങും

3.മദ്ധ്യവേനൽ സീസണിൽ പഠിതാക്കളില്ലാതെ വാഹനങ്ങൾ അകത്തു കയറ്റിയിടുകയും സ്കൂളുകൾ അടച്ചുപൂട്ടുകയും ചെയ്യേണ്ട സ്ഥിതിയാണെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളും പരിശീലകരും

ജീവിതത്തിൽ നക്ഷത്രമെണ്ണി ഡ്രൈവിംഗ് സ്കൂളുകാർ..
ഒരുലക്ഷം രൂപ വിലയുളള വാഹനം പോലും സ്വന്തമായി വാങ്ങാൻ നിവൃത്തിയില്ലാത്തവരാണ് ഡ്രൈവിംഗ് സ്കൂളുകാരിൽ ഭൂരിഭാഗവും. രണ്ടരയേക്കറോളം സ്ഥലവും പതിനഞ്ച് വർഷത്തിൽ താഴെയുള്ള വാഹനങ്ങളും വാഹനങ്ങളിൽ ജി.പി.എസും സി.സി ടിവി കാമറയുമുണ്ടെങ്കിലേ ഡ്രൈവിംഗ് പരിശീലനം നടത്താനാകൂവെന്നാണ് പുതിയ നിബന്ധന. മിക്ക ഡ്രൈവിംഗ് സ്കൂളുകാരുടെയും വാഹനങ്ങൾ പതിനഞ്ച് വർഷം പഴക്കമുള്ളതാണ്. ഡാഷ് ബോഡിൽ കാമറയും ജി.പി.എസും സ്ഥാപിക്കാൻ കുറഞ്ഞത് അരലക്ഷം രൂപ വേണം.
ജില്ലയിൽ ഡ്രൈവിംഗ് സ്കൂളുകൾ : 400
ഉടമകളും പരിശീലകരും : 3000
പുതിയ പരിഷ്കാരം ഒരു തൊഴിൽ മേഖലയെകൂടിപ്രതിസന്ധിയിലേക്ക് തളളിവിട്ടിരിക്കുകയാണ്. ഒരു ദിവസം പേർക്ക് ടെസ്റ്റ് നടത്താൻ അവസരമുണ്ടായാലേ പ്രശ്നം പരഹരിക്കാനാകൂ. ജനവിരുദ്ധമായ നടപടികൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം എന്നാണു ജീവിക്കാനായി ഡ്രൈവിംഗ് സ്‌കൂൾ നടത്തിപ്പുകാരായ മനുഷ്യരുടെ ആവിശ്യം.

Leave a Reply

Your email address will not be published. Required fields are marked *