കോന്നി – മെഡിക്കൽ കോളേജിൽ 3.5 കോടി രൂപ ചിലവിൽ നിർമിച്ച ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റും, ഓപ്പറേഷൻ തിയേറ്റർ, 27 ലക്ഷം രൂപയ്ക്ക് നിർമിച്ച 500 ചതുരശ്ര അടി വിസ്തീർണമുള്ള എച്ച്.എൽ.എൽ. ഫാർമസി എന്നിവയുടെ ഉദ്ഘാടനം ഇന്ന് (ജൂലൈ 26, ശനി) രാവിലെ 10 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. കെ.യു. ജനീഷ്‌കുമാർ എംഎൽഎ അധ്യക്ഷനാകും.
കോന്നി മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലക്ഷ്യ ലേബർ റൂമും ഓപ്പറേഷൻ തീയറ്ററും സജ്ജമാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 27,922 ചതുരശ്ര അടി വിസ്തീർണത്തിലാണ് ലേബർ റൂം. പുതിയ ഒപി വിഭാഗം, അൾട്രാ സൗണ്ട് സ്‌കാനിംഗ് റൂം, ട്രയേജ് ഏരിയ, ഗൈനക് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, മൈനർ ഓപ്പറേഷൻ തിയേറ്റർ, സെപ്റ്റിക് മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, 2 എൽഡിആർ സ്യൂട്ടുകൾ, പ്രസവത്തിനായി എത്തുന്നവരുടെ ആദ്യ, രണ്ടാം, മൂന്നാം ഘട്ട ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ, റിക്കവറി റൂമുകൾ, വാർഡുകൾ, ഡെമോ റൂം, എച്ച്ഡിയു, ഐസിയു, ഐസൊലേഷൻ യൂണിറ്റുകൾ എന്നിവയുണ്ട്.
ജില്ലയിൽ അഞ്ച് ആശുപത്രികളിൽ കൂടി ദേശീയ ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂമുകൾ സജ്ജമാകുന്നു. അടൂർ ജനറൽ ആശുപത്രിക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ അടുത്തിടെ ലഭിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ലക്ഷ്യ ലേബർ റൂമുണ്ട്. കോന്നി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂമുകളുടെ നിർമാണം പുരോഗമിക്കുന്നു.
ഗർഭിണികളായ സ്ത്രീകൾക്കും നവജാത ശിശുക്കൾക്കും മികച്ച പരിചരണം ഉറപ്പുവരുത്താനായി അത്യാധുനിക സംവിധാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യ നിലവാരത്തിലൂടെ ഉദ്ദേശിക്കുന്നത്. മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവയിലാണ് ലക്ഷ്യ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 14 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു. കൂടുതൽ ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.
ഫാർമസിയിൽ 24 മണിക്കൂറും സേവനം ലഭിക്കും. മരുന്നുകൾ, സർജിക്കൽ ഉപകരണങ്ങൾ, ഇമ്പ്ലാന്റ്റുകൾ എന്നിവ 50 ശതമാനം വരെ വിലക്കുറവിൽ കിട്ടും. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ആരോഗ്യ ഇൻഷുറൻസ് (കെഎഎസ്പി) ഉള്ള രോഗികൾക്കും, മെഡിസെപ്പ്, ജെഎസ്എസ്‌കെ, ആരോഗ്യ കിരണം സർക്കാർ സ്‌കീമുകളിൽ ഉൾപ്പെടുന്നവർക്കും മരുന്ന് സൗജന്യമാണ്.
ആന്റോ ആന്റണി എംപി, ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥൻ, അരുവാപുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുക്കും.

ചിത്രം : ലേബർ റൂം

ചിത്രം : ഓപ്പറേഷൻ തിയേറ്റർ

ചിത്രം :എച്ച്.എൽ.എൽ. ഫാർമസി


