തിരുവല്ല – മാലിന്യ മുക്ത നവകേരളം യാഥാർത്ഥ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന്
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ ബ്ലോക്ക്തല റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മാലിന്യത്തിൽ നിന്ന് ഊർജോദ്പാദനം, വളനിർമാണം തുടങ്ങിയവയിലൂടെ മാറ്റം കൊണ്ടു വരാനാകും. ഹരിതകർമ്മ സേനയുടെ പ്രവർത്തനം ശ്രദ്ധേയമാണ്. വീടും പരിസരവും വൃത്തിയാക്കുന്നത് പോലെ പൊതുഇടവും സൂക്ഷിക്കണമെന്ന ബോധവത്കരണം ഉണ്ടാകണം. ജലജീവൻ മിഷന്റെ പ്രവർത്തനത്തിലൂടെ 44 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ചു. ശേഷിക്കുന്നവർക്കും കുടിവെള്ളം ലഭ്യമാക്കും. പുളിക്കീഴ് കോലറയാറിന്റെ തുടർസംരക്ഷണം സംബന്ധിച്ച് പഠനം നടത്താൻ വകുപ്പിന് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.
ശുചീകരിക്കുന്ന നദികളും പൊതു നിരത്തുകളും വീണ്ടും മലിനമാക്കാതിരിക്കാനുള്ള ഉത്തരവാദിത്വം പൊതു സമൂഹം ഏറ്റെടുക്കണമെന്ന് അഡ്വ. മാത്യു. ടി. തോമസ് എം.എൽ.എ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ നിന്നും ഹരിതകർമ സേന അംഗങ്ങൾ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് പാഴ്വസ്തുക്കളും ബ്ലോക്ക് തലത്തിൽ തരം തിരിച്ച് ബെയിലിംഗ് നടത്തി ക്ലീൻ കേരള കമ്പനിക്ക് നൽകുന്നതിനാണ് ബ്ലോക്ക് തലത്തിൽ ആർ ആർ എഫ് സ്ഥാപിക്കുന്നത്.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ അശോകൻ, റ്റി. പ്രസന്നകുമാരി, അന്നമ്മ ജോർജ്, അനുരാധ സുരേഷ്, എബ്രഹാം തോമസ്, ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ മറിയാമ്മ എബ്രഹാം, എം.ബി അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം: റോഷി അഗസ്റ്റിൻ,1,2

പുളിക്കീഴ് ബ്ലോക്ക്തല റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു
What do you feel about this post?
Like
Love
Happy
Haha
Sad

