പത്തനംതിട്ട – മീൻ കച്ചവടത്തിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നരക്കോടിയിലധികം പണവും, 166 ഗ്രാം സ്വർണവും കബളിപ്പിച്ചെടുത്ത കേസിൽ ഒരാളെ ഇലവുംതിട്ട പോലീസ് പിടികൂടി. കേസിലെ ഒന്നാം പ്രതി മല്ലപ്പള്ളി പെരുമ്പെട്ടി ചാമക്കാലയിൽ വീട്ടിൽ റമീസ് റഹ്മാൻ ( 30 )ആണ് അറസ്റ്റിലായത്. മെഴുവേലി തുമ്പമൺ നോർത്ത് ഞാവാലിക്കോട് ചക്കാലമണ്ണിൽ ബിന്നി മാത്യുവിന്റെ ഭാര്യ ലീന വർഗീസി(54)ന്റെ മൊഴിപ്രകാരം ഇന്നലെ രജിസ്റ്റർ ചെയ്ത കേസിലാണ് ഉടനടി ഒന്നാം പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2023 ജനുവരി ഒന്നുമുതൽ 2025 ജൂൺ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. പോലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കേസിൽ രണ്ടാം പ്രതി ഇയാളുടെ ഭാര്യ ഷാനി മോളും, മൂന്നാം പ്രതി ഇയാളുടെ പിതാവ് അബ്ദുറഹ്മാൻ കുട്ടിയുമാണ്. പെരുമ്പെട്ടി സ്വദേശി ദിലീപ് ലാലാണ് നാലാം പ്രതി. കുടിമൽസ്യവ്യാപാരം നടത്തി ലാഭമുണ്ടാക്കാം എന്ന് പറഞ്ഞുവിശ്വസിപ്പിച്ച് 2023 മുതലുള്ള കാലയളവിൽ പണവും സ്വർണവും അടക്കം 1,68,59,581 രൂപ തട്ടിയെടുത്ത പ്രതികൾ, തിരികെ കൊടുക്കാതെ വന്നപ്പോൾ സാമ്പത്തിക പ്രശ്നങ്ങൾ മൂലമുണ്ടായ മാനസിക സമ്മർദ്ദത്താൽ സഹിക്കവയ്യാതെ ബിന്നി ജൂൺ 30 ന് രാവിലെ ജീവനൊടുക്കിയിരുന്നു.
ബിസിനസിന്റെ പേരിൽ 2023 ജനുവരി ഒന്ന് മുതലുള്ള കാലയളവിൽ ഇലവുംതിട്ടയിലെ എസ് ബി ഐ കാനറ എന്നീ ബാങ്കുകളിലെ ഇദ്ദേഹത്തിന്റെ അക്കൗണ്ടുകളിൽ നിന്നും, പത്തനംതിട്ട ഇസാഫ് ബാങ്കിലെ അക്കൗണ്ടിലൂടെയും 1,54,59,581 രൂപ പ്രതികൾ കബളിപ്പിച്ച് കൈക്കലാക്കി. കൂടാതെ, 166 ഗ്രാം സ്വർണവും തട്ടിയെടുത്തു. അന്വേഷണത്തിന് ഭാഗമായി ബെന്നിയുടെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ച രേഖകൾ പോലീസ് ലഭ്യമാക്കിയിരുന്നു. ഇസാഫ് ബാങ്കിലെ ബിന്നിയുടെ ഇടപാടുകൾ പരിശോധിച്ചപ്പോൾ 2023 ഫെബ്രുവരി 18 നും 2025 മാർച്ച് 22 നുമിടയിൽ ഒന്നാംപ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 52, 18,700 രൂപ കൈമാറ്റപ്പെട്ടതായി കണ്ടെത്തി. എസ് ബി ഐ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോൾ 99,72,211 രൂപയും ഇയാളുടെ അക്കൗണ്ടിൽ എത്തിയതായി വ്യക്തമായി.
അതേസമയം രണ്ടും മൂന്നും പ്രതികളുടെ അക്കൗണ്ടുകളിലേക്കായി എസ് ബി ഐ,,ഇസാഫ് എന്നീ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും 30,19,990 രൂപയും കൈമാറ്റം ചെയ്യപ്പെട്ടതായി പോലീസിന്റെ അന്വേഷണത്തിൽ വെളിപ്പെട്ടു. തുടർന്ന് ഒന്നാംപ്രതി റമീസ് റഹ്മാനെ ഇന്നലെ രാത്രി 8 ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇയാളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ ശേഷം 10ന് അറസ്റ്റ് ചെയ്തു. ബിസിനസ് നഷ്ടവും സാമ്പത്തിക പ്രശ്നവും മൂലം മനോവിഷമത്താൽ ജൂൺ 30 ന് രാവിലെ വീടിനു പിന്നിലെ സ്റ്റെയർ കേസിൽ പ്ലാസ്റ്റിക് കയറിൽ ബിന്നി തൂങ്ങി മരിക്കുകയായിരുന്നു. ഇതിന് ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. വിശ്വാസവഞ്ചന നടത്തി തട്ടിപ്പ് നടത്തിയ കേസിൽ മറ്റു പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
What do you feel about this post?
Like
Love
Happy
Haha
Sad

