ജാർഖണ്ഡിൽ നിന്ന് കഞ്ചാവുമായി പന്തളത്ത് വന്നിറങ്ങിയപ്പോൾ തന്നെ പോലീസ് പിടികൂടി :

Crime

പത്തനംതിട്ട – ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെതുടർന്ന് ജില്ലാ പോലീസ് ഡാൻസാഫ് സംഘവും, പന്തളം പോലീസും ചേർന്ന് നടത്തിയ നീക്കത്തിൽ ജാർഖണ്ഡ് സ്വദേശി പിടിയിലായി. ഇയാളുടെ ഷോൾഡർ ബാഗിൽ സൂക്ഷിച്ച 2 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെ 1.45 ഓടെ പന്തളം ടൗണിൽ ബസ്സിൽ വന്നിറങ്ങിയപ്പോഴാണ് പോലീസിന്റെ വലയിൽ കുടുങ്ങിയത്. ജാർഖണ്ഡ് ടുംക റാണിശ്വർ ടോൺഗ്ര മണികടിഹ് മസൂദൻ മറാണ്ടിയുടെ മകൻ സുരേഷ് മറാണ്ടി (18 )ആണ് അറസ്റ്റിലായത്. ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.

മറ്റു ജാർഖണ്ഡ് സ്വദേശികളായ അതിഥി തൊഴിലാളികൾക്കൊപ്പമാണ് ഇയാൾ ബസ്സിൽ വന്ന് പന്തളത്ത് ഇറങ്ങിയത്. പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ് നടപടികൾക്ക് നേതൃത്വം നൽകി. ചെങ്ങന്നൂർ ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ്സിൽ നിന്നാണ് പ്രതി പിടിയിലായത്. കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന് രഹസ്യ വിവരം അറിഞ്ഞതിനെ തുടർന്ന് ഡാൻസാഫ് ഉൾപ്പെടെയുള്ള പോലീസ് സംഘം പന്തളം ടൗണിൽ നിലയുറപ്പിച്ചിരുന്നു. 1.45 ന് എത്തിയ കെ എസ് ആർ ടി സി ബസിൽ നിന്നിറങ്ങിയ ചുവപ്പു നിറത്തിലുള്ള ഷർട്ടും ചാരകളർ പാൻസും ധരിച്ച യുവാവിനെ കണ്ട പോലീസ് സംഘം ഇയാളെ പിന്തുടർന്നു.

കറുത്ത ഷോൾഡർ ബാഗ് ഇടതുകൈയിൽ പിടിച്ച് റോഡിന്റെ ഇടതുവശം ചേർന്ന് നടന്നുപോയ യുവാവ് പോലീസിനെ കണ്ട് പരുങ്ങി. തുടർന്ന് ഇയാളെ വളഞ്ഞ് പിടികൂടുകയായിരുന്നു. കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചു, ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് കവറിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. വിശദമായ ചോദ്യംചെയ്യലിനും മറ്റു നടപടികൾക്കും ശേഷം രണ്ടിന് അറസ്റ്റ് ചെയ്തു. തുടർന്ന് മെഡിക്കൽ പരിശോധന നടത്തിച്ച് സ്റ്റേഷനിലെത്തിച്ചു. കഞ്ചാവ് എവിടെനിന്നുമാണ് എത്തിക്കുന്നത്, കൂട്ടാളികൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. എസ് ഐ സി വി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പന്തളം പോലീസ് തുടർനടപടികൾ കൈകൊണ്ടു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാനും, വിലാസം പരിശോധിക്കാനും പോലീസ് നടപടികൾ കൈകൊണ്ടു.ജില്ലയിൽ ലഹരിവസ്തുക്കൾക്കെതിരായ നടപടികൾ ശക്തമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *