തിരുവല്ല – പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവ് ഗുണ്ടയാണെന്ന് അറിഞ്ഞ് പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. ഇതോടെ നിശ്ചയിച്ച വിവാഹം മുടങ്ങാതിരിക്കാൻ ഗുണ്ടാ നേതാവിന് സിപിഎം നേതാവിന്റെ കൈ അയച്ച സഹായം. ഏരിയാ കമ്മറ്റിയംഗമായ നേതാവ് താൻ സിപിഎം ലോക്കൽ സെക്രട്ടറി വിനയചന്ദ്രനാണെന്ന് പറഞ്ഞ് പെൺകുട്ടിയുടെ വീട്ടുകാരെ സമീപിച്ച് ഗുണ്ടാ നേതാവിന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടി. വിവരം അറിഞ്ഞ ലോക്കൽ സെക്രട്ടറിയും ഏരിയാ സെക്രട്ടറിയും പെൺകുട്ടിയുടെ വീട്ടിലെത്തി വിവരം തിരക്കി. അപദാനം പാടാൻ വന്നത് തന്റെ പേര് പറഞ്ഞ് മറ്റാരോ ആണെന്ന് അറിയിച്ചു. ഒടുവിൽ ആളെ പിടികിട്ടി. മദ്ധ്യസ്ഥതയ്ക്ക് പോയത് ഏരിയാ കമ്മറ്റി അംഗമാണ്. ഇയാൾക്കെതിരേ പാർട്ടി നടപടി എടുക്കും എന്നാണറിയുന്നത്. സംഭവം തിരുവല്ലയിൽ.
തിരുവല്ല ഏരിയ കമ്മിറ്റി അംഗമായ കൊച്ചു പ്രകാശ് ബാബു എന്ന് വിളിക്കുന്ന പ്രകാശ് ബാബുവാണ് ലോക്കൽ സെക്രട്ടറി ചമഞ്ഞു ഗുണ്ടയുടെ വിവാഹം നടത്താൻ ശ്രമിച്ചത്. പോക്‌സോ അടക്കം ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വൈക്കത്തില്ലം സ്വദേശിയായ യുവാവിന്റെ വിവാഹത്തിനാണ് നെടുമ്പ്രം ലോക്കൽ സെക്രട്ടറിയായ വിനയചന്ദ്രന്റെ പേരിൽ പ്രകാശ് ബാബു ആൾമാറാട്ടം നടത്തിയത്.
ഈ മാസം എട്ടാം തീയതി അമ്പലപ്പുഴ സ്വദേശിനിയുമായി യുവാവിന്റെ വിവാഹം തീരുമാനിച്ചിരുന്നു. ഇതിനിടെ തിരുവല്ല സ്വദേശിയായ ഒരു ബന്ധു വഴി യുവാവിന്റെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറി. ഇതേ തുടർന്ന് പ്രകാശ് ബാബു വിനയചന്ദ്രൻ എന്ന പേരിൽ പെൺകുട്ടിയുടെ വീട്ടിലെത്തി യുവാവിനെ സംബന്ധിച്ച് നിങ്ങൾക്ക് ലഭിച്ച വിവരം തെറ്റാണെന്നും വ്യക്തി വൈരാഗ്യം മൂലം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണെന്നും ബന്ധുക്കളോട് പറഞ്ഞു.
തന്റെ പേരിൽ മറ്റാരോ പെൺകുട്ടിയുടെ വീട്ടിലെത്തിയ വിവരമറിഞ്ഞ വിനയചന്ദ്രൻ ഏരിയ കമ്മിറ്റിക്ക് പരാതി നൽകി. തുടർന്ന് ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി വിനയചന്ദ്രനെയും കൂട്ടി നേരിട്ട് പെൺകുട്ടിയുടെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് ആൾമാറാട്ടം പുറത്തായത്. തുടർന്നാണ് പ്രകാശ് ബാബുവിനെതിരെ സിപിഎം ഏരിയ കമ്മിറ്റി ഏകാംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് കിഴക്കൻ മുറി സ്വദേശിയിൽ നിന്നും പണം തട്ടിയെന്ന പരാതിയിൽ നിലവിൽ പാർട്ടി അന്വേഷണം നേരിടുന്ന ആളാണ് ഈ പ്രകാശ് ബാബു.


