മല്ലപ്പള്ളിയിലെ പള്ളി സെമിത്തേരിയിൽ നിന്ന് കല്ലറകളുടെ ഗ്രാനൈറ്റ് പാളികൾ അപഹരിച്ച മൂന്ന് മോഷ്ടാക്കൾ പിടിയിലായി :

Crime

മല്ലപ്പള്ളി – പള്ളികളിലെ കല്ലറകളുടെ പണികൾ നടത്തുന്ന തൊഴിലാളികളായ പ്രതികൾ, തങ്ങൾ തന്നെ നിർമ്മിച്ച കല്ലറയിൽ നിന്നും 15000 രൂപയോളം വിലവരുന്ന വലിയ ഗ്രാനൈറ്റ് പാളി മോഷ്‌ടിക്കുകയായിരുന്നു. എറണാകുളം പാടിമൺ സ്വദേശി സജിത്ത് കെ സി , പശ്ചിമ ബംഗാൾ സ്വദേശി സുർജിത്ത് ബർമാൻ, കന്യാകുമാരി സ്വദേശി ജീ ജലാൽ സുന്ദർ സിങ് എന്നിവരെയാണ് കീഴ്‌വായ്പ്പൂർ പോലീസ് അറസ്‌റ്റ് ചെയ്തത്.

ഈ മാസം 15 ന് പകലാണ് പത്തനംതിട്ട മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് വില്ലേജിലെ നൂറോമാവ് സെൻ്റ് തോമസ് മാർത്തോമാ പള്ളിയിലെ സെമിത്തേരിയിൽ നിന്നും, കണ്ണപ്ലാക്കൽ അന്നമ്മാ വർഗ്ഗീസിൻ്റെ കല്ലക്ക് മുകളിൽ സ്ഥാപിച്ച സ്ലാബ് മോഷണം പോയത്. കഴിഞ്ഞ ദിവസങ്ങളിലാണ് സ്ലാബ് മോഷണം പോയ വിവരം പള്ളി അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കീഴ്‌വായ്പ്പൂർ പോലീസിൽ പരാതി നൽകി. കീഴ്‌വായ്പ്പൂർ സി ഐ ജീ. സുരേഷ്കുമാറിൻ്റെ നേതൃത്വത്തിൽ, പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കല്ലറകൾ നിർമ്മിക്കുന്ന ജോലികൾ ചെയ്യുന്നവരിൽ പെട്ടവരാകും മോഷണത്തിന് പിന്നിൽ എന്ന നിഗമനത്തിലെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ അന്നാമ്മാ വർഗ്ഗീസിൻ്റെ കല്ലറ പണിത ആളുകളിലേക്ക് തന്നെ എത്തിച്ചേരുകയായിരുന്നു. മറ്റൊരു കല്ലറ നിർമ്മിക്കുന്നതിനായാണ്, ഇവിടെനിന്ന് ഗ്രാനൈറ്റ് പാളി അപഹരിച്ചതെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആറടിയോളം നീളമുള്ളതും 3 അടി വീതിയുള്ളതുമായ ഗ്രാനൈറ്റ് പാളിക്ക് 15000 രൂപ വില വരും.

മല്ലപ്പള്ളി താലൂക്കിൽ നേരത്തേയും സമാനമായ രീതിയിൽ സെമിത്തേരികളിൽ നിന്നും സ്ലാബുകൾ മോഷണം പോയിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നിലും ഇതേ സംഘംതന്നെയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കീഴ്‌വായ്പ്പൂർ എസ് ഐ അനീഷ് , സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ്, സിവിൽ പോലീസ് ഓഫീസർമ്മാരായ വിഷ്‌ണു, അമൽ, ശബരീഷ് , ജയകൃഷ്ണൻ, മുഹമ്മദ് അനസ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *