വാതിൽപ്പടിയിൽ സേവനവുമായി മൃഗസംരക്ഷണ വകുപ്പ്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സാങ്കേതിക- സാമൂഹിക മാറ്റത്തിലൂടെ ക്ഷീരകർഷകർക്ക് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ്. ചികിത്സാ സേവനങ്ങൾക്കൊപ്പം ക്ഷീരകർഷകർക്ക് സാമ്പത്തിക പരിരക്ഷയും ഉറപ്പാക്കുന്ന വിവിധ പദ്ധതി ജില്ലയിൽ ലഭ്യമാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ സാധ്യമായത് 3,50,13,765 രൂപയുടെ വീട്ടുപടിക്കൽ സേവനം.

മൃഗചികിത്സയ്ക്ക് വീട്ടുമുറ്റത്ത് സേവനം എത്തിക്കുന്നതിന് മൊബൈൽ വെറ്ററിനറി ആംബുലൻസ് സംവിധാനവും സജീവം. പറക്കോട്, കോന്നി, മല്ലപ്പള്ളി, കോയിപ്രം, റാന്നി ബ്ലോക്കുകളിൽ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തിക്കുന്നത്. മറ്റ് ബ്ലോക്കുകളിൽ രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെ അടിയന്തിര മൃഗചികിത്സ സേവനം ലഭിക്കും. ബ്ലോക്കുകൾക്ക് പുറമെ ജില്ലാ സെന്ററിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റുമുണ്ട്. വെറ്ററിനറി പോളി ക്ലിനിക്കിലൂടെ അവശ്യമരുന്നുകളും കർഷകർക്ക് ലഭ്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പർ 1962 ലൂടെ മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ സേവനം കർഷകരുടെ വീട്ടുപടിക്കൽ എത്തും. വളർത്തുമൃഗങ്ങൾക്ക് മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയയ്ക്കായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മൊബൈൽ സർജറി യൂണിറ്റുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തനം. ജില്ലയിലെ ആങ്കറിംഗ് സ്റ്റേഷനുകളായ അടൂർ, പത്തനംതിട്ട, പുല്ലാട്, റാന്നി, തിരുവല്ല, കോന്നി എന്നിവിടങ്ങളിൽ യൂണിറ്റിന്റെ പ്രവർത്തനം വൈകാതെ ആരംഭിക്കും.

ക്ഷീരോൽപാദനം വർധിപ്പിക്കുന്നതിന് നിരവധി പദ്ധതികളും വകുപ്പിലുണ്ട്. കന്നുകുട്ടി പരിപാലന പദ്ധതിയായ ‘ഗോവർധിനി’യിലൂടെ ജില്ലയിൽ നടപ്പിലാക്കിയത് 16,20,82,771 രൂപയുടെ വികസനം. പാലുൽപാദനം വർധിപ്പിക്കുന്നതിന് മികച്ചയിനം കന്നുകുട്ടികളെ ചെറുപ്രായത്തിലേ തിരഞ്ഞെടുത്ത് ആരോഗ്യസംരക്ഷണം നൽകുന്നതാണ് പദ്ധതി. സബ്സിഡി നിരക്കിൽ കാലിത്തീറ്റയും ഇൻഷുറൻസ് പരിരക്ഷയും നൽകും.
ഗോസമൃദ്ധി ഇൻഷുറൻസ് പദ്ധതിയും ക്ഷീരകർഷകർക്ക് കൈതാങ്ങാണ്. ജില്ലയിൽ ഇതുവരെ 7949 കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉൽപ്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസു വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗർഭാവസ്ഥയുടെ അവസാന മൂന്ന് മാസത്തിലുള്ള പശുക്കളെയും കറവ വറ്റിയ ഉരുക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്താം. കന്നുകാലികളെ ഒന്ന്, മൂന്ന് വർഷത്തേക്ക് ഇൻഷുറൻസ് ചെയ്യാം. കന്നുകാലികളുടെ മരണം, ഉൽപാദനക്ഷമത നഷ്ടപ്പെടൽ എന്നിവയ്ക്കാണ് പരിരക്ഷ. മൃഗസംരക്ഷണ വകുപ്പിന്റെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് എട്ട് വർഷത്തിനുള്ളിൽ ജില്ലയിൽ 51,16,850 രൂപയാണ് കർഷകർക്ക് നഷ്ടപരിഹാരമായി നൽകിയത്.


ചിത്രം: മൊബൈൽ വെറ്ററിനറി
മൊബൈൽ വെറ്ററിനറി ആംബുലൻസ് സേവനത്തിലൂടെ രാത്രികാല ചികിത്സ നടത്തുന്ന മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *