പത്തനംതിട്ട – യോഗയിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുവാനും ശാരീരിക മാനസിക ഊർജം വീണ്ടെടുക്കാനും സാധിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ. ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച 11 -ാം അന്താരാഷ്ട്ര യോഗദിനാചരണം ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദിനാചരണത്തിൽ ഒതുങ്ങാതെ യോഗയെ ജീവിതത്തിന്റെ ഭാഗമാക്കണം. ആരോഗ്യ സംരക്ഷണത്തിനായി ദിവസവും സമയം കണ്ടെത്തണമെന്നും ജില്ലാ കലക്ടർ കൂട്ടിചേർത്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ കൃഷ്ണകുമാർ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോപ്പതി) ഡോ. ബിജു കുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗ വെൽനസ് മെഡിക്കൽ ഓഫീസർ ഡോ. അരുൺ തുളസി ക്ലാസ് നയിച്ചു. യോഗയിലെ ദേശീയ സ്വർണ മെഡൽ ജേതാവ് രേവതി രാജേഷിനെ എഡിഎം ബി ജ്യോതി ആദരിച്ചു. ഡെപ്യൂട്ടി കലക്ടർ മിനി തോമസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് അഖില, യോഗ ഇൻസ്ട്രക്ടർ ശ്രീജേഷ് വി കൈമൾ എന്നിവർ പങ്കെടുത്തു.



