കോഴിക്കോട് – ബേപ്പൂർ തീരത്തിനടുത്ത് തീപിടിച്ച വാൻഹായ് 503 എന്ന ചരക്കുകപ്പലിലെ തീ ഒമ്പത് മണിക്കൂർ കഴിഞ്ഞിട്ടും അണക്കാനായിട്ടില്ല. കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും കപ്പലുകൾക്ക് തീപിടിച്ച കപ്പലിനടുത്തേക്ക് അടുക്കാൻ സാധിക്കുന്നില്ല. കോസ്റ്റ്ഗാർഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരുകപ്പലും തീപിടിച്ച കപ്പലിന് സമീപത്തായുണ്ട്.
കണ്ടെയ്‌നറുകളിൽ കൂടുതൽ പൊട്ടിത്തെറിക്ക് കാരണമായേക്കാവുന്ന അപകടകരമായ വസ്തുക്കളുള്ളതും തീയുടെ കാഠിന്യവുമാണ് മറ്റ് കപ്പലുകൾക്ക് വാൻഹായ് 503-ന് അടുത്തേക്കെത്താൻ സാധിക്കാത്തതിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന് ഒമ്പത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തീ പിടിച്ച കപ്പലിൽ ആകെ 620 കണ്ടെയ്നറുകളുണ്ടെന്നാണ് വിവരം. തീ പിടിച്ചതിനു പിന്നാലെ നിരവധി കണ്ടെയ്‌നറുകൾ കടലിലേക്ക് വീണിരുന്നു. കപ്പലിലെ കൂടുതൽ കണ്ടെയ്‌നറുകൾ കടലിലേക്ക് വീഴുന്നതായും റിപ്പോർട്ടുണ്ട്. ഇതും മറ്റ് കപ്പുലുകൾക്ക് ഇതിനടുത്തെത്താണ് തടസമാകുന്നുണ്ട്. സ്ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവക രൂപത്തിലും ഖര രൂപത്തിലുമുള്ള വസ്തുക്കൾ കണ്ടെയ്നറുകളിലുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, അപകടത്തിൽപ്പെട്ട കപ്പൽജീവനക്കാരെ രക്ഷാപ്രവർത്തനത്തിനെത്തിയ നാവികസേനാ കപ്പലായ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ ഹെലിക്കോപ്റ്റർ മാർഗം മംഗലാപുരത്ത് എത്തിക്കാനാണ് ആലോചന. രാവിലെ 9.30-ഓടുകൂടിയാണ് കപ്പലിൽ സ്ഫോടനമുണ്ടായി എന്ന വിവരം കോസ്റ്റ്ഗാർഡിന് ലഭിക്കുന്നത്. കപ്പലിന്റെ താഴത്തെ ഡെക്കിൽ സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്. തുടർന്ന് 12.40-ഓടെ കൂടുതൽ കണ്ടെയ്നറുകളിലേക്ക് തീ പടരുകയായിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

