മെഴുവേലി : 2023 ൽ അടച്ചുപൂട്ടൽ വക്കിലെത്തിയ ഗവ. ജി വി എൽ പി സ്കൂൾ എന്ന കൊച്ചുസ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെയും, പഞ്ചായത്തിന്റെയും, കേരള ശാസ്ത്ര സാഹിത്യത്തിന്റെയും സഹകരണത്തോടെ രണ്ടുവർഷം കൊണ്ട് മികച്ച നിലയിലേക്ക് എത്തി ഈ വർഷത്തെയും പ്രവേശനോത്സവം മികവുറ്റതാക്കി.
ഇന്ന് രാവിലെ പി ടി എ പ്രസിഡൻറ് മായയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവ യോഗം മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. സരസകവി മൂലൂർ എസ് പത്മനാഭ പണിക്കർ സ്ഥാപിച്ച ഈ സ്കൂളിനെ അതിന്റെ ശോച്യാവസ്ഥയിൽ നിന്നും ഇന്നത്തെ നിലയിലേക്ക് എത്തിച്ച പൂർവ്വ വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡൻറ് അനുമോദിച്ചു. സ്കൂൾ പ്രധാന അദ്ധ്യാപിക ജയശ്രീ സ്വാഗതം പറഞ്ഞ യോഗത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പുതിയ പാഠ്യപദ്ധതിപ്രകാരം പഠിപ്പിക്കുന്ന ഒന്നാംക്ലാസിലെ പാഠപുസ്തക കമ്മിറ്റിയുടെ അധ്യക്ഷൻ ഡോ. ടി.പി കലാധരൻ രക്ഷിതാക്കൾക്ക് പുതിയ പഠനരീതിയെ കുറിച്ച് ക്ലാസ്സെടുത്തു. ആശയാവതരണ രീതിയിലൂടെ അക്ഷരങ്ങൾ പരിചയപ്പെടുന്ന കുട്ടി ഒന്നാം ക്ലാസിൽ തന്നെ സ്വതന്ത്ര വായനയും രചനയും നടത്തുന്നത് എങ്ങനെയെന്ന് വളരെ ലളിതമായി രക്ഷിതാക്കൾക്ക് സാഹിത്യകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ കലാധരൻ മാഷ് പറഞ്ഞു കൊടുത്തു.



മെഴുവേലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി അശോകൻ നവാഗതരായ വിദ്യാർത്ഥികളെ സ്വീകരിച്ചു. പ്രധാന അദ്ധ്യാപികയുടെ വകയായി ലഡു, പൂർവ്വ വിദ്യാർഥികളുടെയും പിടിഎയുടെയും വകയായി പായസത്തോടുകൂടിയ സദ്യ, എസ് ബി ഐ ഇലവുംതിട്ട ബ്രാഞ്ച് വക മധുര പലഹാരങ്ങൾ, പൊട്ടൻമല കെട്ടുകാഴ്ച സമിതിയുടെ വകയായി പഠനോപകരണങ്ങൾ, സർപ്പക്കാവിൽ പരേതനായ പുഷ്പരാജന്റെ ഓർമ്മക്കായി മകൻ രാജേഷ് പുഷ്പരാജൻ, ആലക്കോട് കൊടുവശേരി കല്ലുപുരക്കൽ ബിജു അലക്സ് പുന്നൂസ് എന്നിവർ ടെക്സ്റ്റ് ബുക്കുകളും, കിടങ്ങന്നൂർ കരുണാലയത്തിന്റെ വകയായി നോട്ടുബുക്കുകൾ തുടങ്ങിയവ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും വിതരണം ചെയ്തു .ഈ സ്കൂളിൽ നിന്നും പഠിച്ച് പത്താം ക്ലാസിലും പ്ലസ്ടുവിനും മികച്ച വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ വാർഡ് മെമ്പർ ശ്രീദേവി ടോണി അനുമോദിച്ചു. പൂർവ്വ വിദ്യാർത്ഥി സ്കൂൾ സഹായ കൂട്ടായ്മയുടെ കൺവീനർ പി എസ് ജീമോൻ, വിദ്യാർത്ഥി പ്രതിനിധി എസ് മിത്ര എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റൻറ് എം കെ സബിത നന്ദി രേഖപ്പെടുത്തി.


