മഴക്കെടുതി ബാധിത പ്രദേശങ്ങളിൽ ആരോഗ്യ ജാഗ്രത വേണം ; പാമ്പുകളുടെ ശല്യം വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണം.

Kerala Pathanamthitta

പത്തനംതിട്ട – മഴക്കെടുതി പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും പകർച്ചവ്യാധികൾക്കെതിരെ മുൻകരുതൽ വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി അറിയിച്ചു. മഴക്കെടുതി ബാധിത പ്രദേശങ്ങളിൽ എലിപ്പനി പടരാൻ സാധ്യത കൂടുതലാണ്. മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, വീടും പരിസരവും വൃത്തിയാക്കുന്നവർ നിർബന്ധമായും ഡോക്സിസൈക്ലിൻ ഗുളികകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കഴിക്കണം. കൈകാലുകളിലോ ശരീരത്തിലോ മുറിവുള്ളവർ മലിനജലത്തിൽ ഇറങ്ങരുത്. ഇറങ്ങേണ്ടി വന്നാൽ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കണം.

മഴക്കെടുതി ബാധിത പ്രദേശങ്ങളിലെ കിണറുകൾ സൂപ്പർക്ലോറിനേഷൻ ചെയ്തതിനുശേഷം മാത്രം ഉപയോഗിക്കണം. ഭക്ഷണസാധനങ്ങൾ വൃത്തിയുള്ള സാഹചര്യത്തിൽ തയ്യാറാക്കി വിതരണം ചെയ്യണം. ക്യാമ്പുകളിലും വീടുകളിലും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. ജലജന്യരോഗങ്ങൾ, വയറിളക്കം, പനി എന്നിവയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കണം. വ്യക്തിശുചിത്വം പാലിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് രോഗവ്യാപനം കുറയ്ക്കും. വെള്ളം ഇറങ്ങുന്നതോടെ ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ എന്നിവ പരത്തുന്ന കൊതുകുകൾ വളരാനിടയുള്ള സാഹചര്യം പൂർണമായും ഒഴിവാക്കണം. ചിരട്ടകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാൻ ഇടയാക്കരുത്.

മഴക്കെടുതി സമയത്ത് പാമ്പുകളുടെ ശല്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണം. പാമ്പുകടിയേറ്റാൽ 108 ആംബുലൻസ് വിളിച്ച് പാമ്പ് വിഷത്തിനെതിരെ ചികത്സ ലഭ്യമായിട്ടുള്ള ആശുപത്രിയിൽ എത്തിക്കണം.

*പാമ്പ് വിഷത്തിനെതിരെ ചികത്സ ലഭ്യമാകുന്ന ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾ

കോന്നി സർക്കാർ മെഡിക്കൽ കോളേജ്
അടൂർ ജനറൽ ആശുപത്രി
പത്തനംതിട്ട ജനറൽ ആശുപത്രി
കോഴഞ്ചേരി ജില്ല ആശുപത്രി
കോന്നി റാന്നി, മല്ലപ്പള്ളി ,തിരുവല്ല താലൂക്ക് ആശുപത്രികൾ
അടൂർ ഹോളിക്രോസ് ആശുപത്രി
അടൂർ ലൈഫ്ലൈൻ ആശുപത്രി
അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളേജ്
തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ്
കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രി
തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി
പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ

പനി, ശരീരവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്നും ജീവിതശൈലീ രോഗങ്ങൾക്ക് സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവർ ക്യാമ്പിലും മുടങ്ങാതെ കഴിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *