തുർക്കി നിർമ്മിത ഡ്രോണുകളുമായി സൈനിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സ്‌കൂളുകൾ അടക്കം 36 കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ആക്രമണം

India
Print Friendly, PDF & Email

ന്യൂഡൽഹി – ഇന്നലെ രാത്രിയും, പുലർച്ചെയും ഇന്ത്യൻ അതിർത്തി കടന്ന് ആക്രമിക്കാനായി തുർക്കി നിർമിത ഡ്രോണുകൾ ഉപയോഗിച്ചുവെന്ന് ഇന്ത്യ വ്യക്തമാക്കി. കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ 24 നഗരങ്ങളെയാണ് ഡ്രോണുകള്‍ ലക്ഷ്യമാക്കിയത്. പഞ്ചാബിലെ ഭട്ടിൻഡയിൽ ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സംഘർഷം സംബന്ധിച്ച് വിശദീകരിക്കാൻ ഇന്ന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇന്ത്യയുടെ വിശദീകരണം ഉണ്ടായത്. ഇന്ത്യയിലെ നാല് വ്യോമകേന്ദ്രളാണു അവർ ലക്ഷ്യം വെച്ചത്. എന്നാൽ, ഇതെല്ലാം വിഫലമാക്കയിതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കി. നിയന്ത്രണ രേഖയിലുടനീളം പാകിസ്താൻ വെടിവെപ്പ് നടത്തി. മോർട്ടാറുകളും ഹെലി കാലിബർ ആർട്ടിലറികളുമുപയോഗിച്ച് പാകിസ്താൻ ആക്രമണം നടത്തി. ഇന്ത്യയിലെ 36 കേന്ദ്രങ്ങളാണ് പാകിസ്താൻ ലക്ഷ്യമിട്ടത്. ആക്രമിക്കാൻ ഉപയോഗിച്ചത് 500 ഡ്രോണുകളാണെന്നും അതിൽ 400 എണ്ണവും ഇന്ത്യ വെടിവെച്ചിട്ടു എന്നും സൈന്യം വ്യക്തമാക്കി.

ഇതേവരെ പലതവണ പാകിസ്താൻ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും പാകിസ്താൻ ലക്ഷ്യമിട്ടു. എന്നാൽ, ഡ്രോണുകളെ തകർത്ത് ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരിശോധിക്കാൻ കൂടിയാണ് ഡ്രോണുകൾ അയച്ചതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.

പാകിസ്താൻ എന്നത്തേയും പോലെ ലോകത്തെ കബളിപ്പിക്കാനുള്ള നുണകൾ പടച്ചുവിടുകയാണെന്നും, ജനങ്ങൾക്കിടയിൽ മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. പുഞ്ചിലെ ഗുരുദ്വാര അടക്കം ആക്രമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മിശ്രിയുടെ പ്രതികരണം. പാകിസ്താന്റെ ഷെല്ലാക്രമണത്തിലാണ് ഗുരുദ്വാര തകർന്നത്. എന്നാൽ അത് ഇന്ത്യ ചെയ്തതാണെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നു. ഇതുകൂടാതെ കന്യാസ്ത്രീകൾ നടത്തുന്ന ഒരു ക്രിസ്ത്യൻ ആരാധനാലയവും സ്‌കൂളും തകർത്തു. രണ്ടു വിദ്യാർത്ഥികൾ ഇവിടെ മരണപ്പെട്ടിട്ടുണ്ട്. എല്ലാ മര്യാദകളും ലംഘിച്ചാണ് അവർ മുന്നോട്ട് പോകുന്നതെന്നും വിക്രം മിശ്രി പറഞ്ഞു.

ആക്രമണത്തിൽ പാകിസ്താന്റെ ഏരിയൽ റഡാർ തകർത്തുവെന്നും പാക് സൈന്യത്തിന് കനത്ത നാശമുണ്ടാക്കിയെന്നും സൈനിക വക്താക്കൾ വ്യക്തമാക്കി. ആക്രമണം നടക്കുന്ന സമയത്ത് സിവിലയൻ വിമാനങ്ങൾക്ക് പാകിസ്താൻ വ്യോമപാത തുറന്നുകൊടുത്തു. ഈ സമയത്ത് ദമ്മാമിൽ നിന്ന് ലാഹോറിലേക്ക് വിമാനമെത്തി. ലാഹോറിൽ നിന്നും, കാറാച്ചിയിൽ നിന്നും പല വിമാനങ്ങളും ബഹറിൻ, അബുദാബി എന്നിവടങ്ങളിലേക്ക് പോയതായും റിപ്പോർട്ട് ഉണ്ട്. ഇന്ത്യയുടെ തിരിച്ചടിയിൽ സിവിലയൻ വിമാനങ്ങൾക്ക് നേരെ ആക്രമണമുണ്ടാകാനുള്ള ഗൂഢാലോചനയാണ് പാകിസ്താൻ നടത്തിയത്. പാകിസ്താന്റെ നീക്കം തിരിച്ചറിഞ്ഞാണ് ഇന്ത്യയുടെ നീക്കങ്ങൾ..

സിവിലിയൻ വിമാനങ്ങൾ മറയാക്കിയാണ് പാകിസ്താൻ ഡ്രോണുകൾ ഇന്ത്യയിലേക്കു പറത്തിയതെന്ന് സൈന്യം വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷിയും എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അതിനിടയിൽ സിന്ധു നദീജല ഉടമ്പടി റദ്ദാക്കാനുള്ള ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനില്ലെന്ന് ലോകബാങ്ക്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ അറിയിച്ചു. ഇന്ത്യാ പാക് സിന്ധു നദീജല ഉടമ്പടിയിലെ ഒരു സഹായി മാത്രമാണ് ലോകബാങ്കെന്നും ലോകബാങ്ക് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും അജയ് ബംഗ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *