പത്തനംതിട്ട – കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ ക്ഷേമമാണ് വികസനത്തിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പത്തനംതിട്ടയിൽ പറഞ്ഞു. വികസിത കേരളം ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു വർഷം കൂടുമ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത്, വലത് മുന്നണികൾക്ക് ജനങ്ങൾ അവസരം കൊടുക്കുന്നു. നാടിന്റെ വികസനം പ്രതീക്ഷിച്ച് അവരെ വിശ്വസിച്ചാണ് അവസരം നൽകുന്നത്. എന്നാൽ പ്രതീക്ഷകൾ നിറവേറ്റാൻ ഇരുമുന്നണികൾക്കും സാധിച്ചോ എന്നത് വോട്ടു ചെയ്ത ജനങ്ങൾ വിശകലനം ചെയ്ത് മനസിലാക്കണം. ബി.ജെ.പിക്ക് വികസനമെന്നത് വെറും തെരഞ്ഞെടുപ്പ് വാഗ്ദാനമല്ല. അത് നിറവേറ്റാനുള്ളതാണ്. 2004 ൽ കേന്ദ്രത്തിൽ വാജ്‌പേയ് സർക്കാരിനെ ജനങ്ങൾ അധികാരത്തിലേറ്റി. അണുപരീക്ഷണം നടത്തി രാജ്യത്തെ ആണവശക്തിയാക്കാനുള്ള ആർജവം അദ്ദേഹം കാട്ടി. തുടർന്ന് 10 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ ചരിത്രത്തിലില്ലാത്ത വിലക്കയറ്റമാണ് സൃഷ്ടിച്ചത്. ലോക സമ്പദ് വ്യവസ്ഥയിൽ ഭാരതം താഴേയറ്റത്തായി. ഭരണസംവിധാനം അഴിമതിയിൽ മുങ്ങിക്കുളിച്ചതും ഈ കാലത്താണ്. യു.പി.എ മന്ത്രിസഭയിൽ എട്ടു മലയാളി മന്ത്രിമാരാണുണ്ടായിരുന്നത്. എന്നാൽ കേരളത്തിനു വേണ്ടി ഒന്നും ചെയ്യാൻ ശ്രമിച്ചില്ല. അതേ സ്ഥാനത്ത് ഇപ്പോഴത്തെ മോദി സർക്കാരിൽ രണ്ടു മന്ത്രിമാരാണുള്ളതെങ്കിലും മുൻപെങ്ങും ലഭിക്കാത്ത കേന്ദ്ര പദ്ധതികളും വികസന പ്രവർത്തനങ്ങളുമാണ് നടക്കുന്നത്. അഴിമതി രഹിതമായ സുസ്ഥിര ഭരണം കാഴ്ച വച്ചതിനാലാണ് നരേന്ദ്ര മോദിക്ക് രാജ്യത്തെ ജനങ്ങൾ മൂന്നാമതും അവസരം നൽകിയത്.


ഈ കാലഘട്ടത്തിൽ വലിയ കുതിപ്പാണ് രാജ്യം നേടിയത്. ലോകത്ത് നാലാമത്തെ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റാൻ ബി.ജെ.പി ഭരണത്തിന് സാധിച്ചു. പാക്കിസ്ഥാൻ അതിർത്തി കടന്ന് സർജിക്കൽ സ്‌ട്രൈക്ക് നടത്താനുള്ള കരുത്തും രാജ്യം നേടി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കടംവാങ്ങാതെ ഒരിഞ്ച് മുന്നോട്ടു നീങ്ങാനാകാത്ത സ്ഥിതിയിലാണ്. കെ.എസ്.ആർ.ടി.സിയിലും ആശാപ്രവർത്തകർക്കും ശമ്പളം നൽകാൻ പോലും കഴിയുന്നില്ല. കേന്ദ്ര പദ്ധതികൾ പേരുമാറ്റി നടപ്പാക്കുക എന്നതാണ് സി.പി.എം രാഷ്ര്ടീയം. റോഡ്, റെയിൽ, പോർട്ട് എന്നിവയുടെവികസനം യാഥാർത്ഥ്യമാക്കിയത് എൻ.ഡി.എ സർക്കാരാണ്. കേരളം മാറിമാറി ഭരിക്കുന്നവരിൽ സി.പി.എം അക്രമ പാർട്ടിയും കോൺഗ്രസ് അഴിമതി പാർട്ടിയുമാണ്. രണ്ട് രാജവംശങ്ങളിലും മരുമക്കളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. 35 വർഷമായി വോട്ടു ചെയ്യുന്ന മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. പ്രശ്‌ന പരിഹാരത്തിനായി മോദി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ ഇരുമുന്നണികളും എതിർത്തു. വോട്ട്ബാങ്കാണ് ഇവരുടെ ലക്ഷ്യം. പാക്കിസ്ഥാൻ ഭീകരവാദികളെ ന്യായീകരിക്കുന്നതും വോട്ട് ലക്ഷ്യമാക്കിയാണ്.
രാജ്യ സുരക്ഷക്കായി ബംഗ്ലാദേശ്, പാക്കിസ്ഥാൻ പൗരന്മാരെ പുറത്താക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം കേരളത്തിൽ നടപ്പാക്കുന്നില്ല. പ്രീണന രാഷ്ര്ടീയം കളിക്കാത്ത ബി.ജെ.പി മനുഷ്യരുടെ മനസിൽ വിഷം നിറയ്ക്കുന്നില്ല. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളിൽ മോദി സർക്കാർ വികസനം എത്തിക്കും. 2010 ൽ 2 ജി അഴിമതി തുറന്നു കാട്ടിയപ്പോൾ തുടർച്ചയായ നാല് ദിവസം തന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയ പാർട്ടിയാണ് കോൺഗ്രസ്. അന്ന് പേടിച്ചിട്ടില്ല, ഇന്നും കോൺഗ്രസിനെ പേടിക്കുന്നില്ല. പട്ടാളക്കാരന്റെ മകനാണ്. എനിക്കൊപ്പം കേരളത്തിലെ ലക്ഷക്കണക്കിന് ബി.ജെ.പി പ്രവർത്തകരുണ്ട്. കോൺഗ്രസ് പാർട്ടി രാജ്യത്തോട് നടത്തിയ വഞ്ചനകൾ ഇനിയും തുറന്നു കാട്ടുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, പത്തനംതിട്ട ജില്ലാ പ്രഭാരി അനൂപ് ആന്റണി, സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ അശോകൻ കുളനട, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ, ദേശീയ കൗൺസിൽ അംഗങ്ങളായ കെ.ആർ.പ്രതാപചന്ദ്ര വർമ്മ, വിക്ടർ ടി. തോമസ്, മുതിർന്ന നേതാവ് വി.എൻ.ഉണ്ണി, ജില്ലാ നേതാക്കളായ അയിരൂർ പ്രദീപ്, വിജയകുമാർ മണിപ്പുഴ, എൻ.ഡി.എ ഘടക കക്ഷി നേതാക്കളായ നോബൽ കുമാർ, അഡ്വ. മഞ്ജു കെ. നായർ എന്നിവർ പ്രസംഗിച്ചു.


