ഹൃഷികേശ ക്ഷേത്രത്തിലെ ആക്രമണം: എട്ടു പേർ അറസ്റ്റിലായി

Crime
Print Friendly, PDF & Email

പത്തനംതിട്ട: മേക്കൊഴൂർ ഹൃഷികേശ സ്വാമി ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ എട്ടു പേർ അറസ്റ്റിൽ. മേക്കൊഴൂർ കാരുണ്യ ഭവനിൽ ജിജോ കെ. വിൽസൻ (29), വെള്ളങ്ങോതറ വീട്ടിൽ അരവിന്ദ് (26), കളിയിക്കൽ വീട്ടിൽ രഞ്ജിത് കെ. ജോസഫ് (37) , പുളിയത്ത് പറമ്പിൽ അനു ജോൺ (32), വലിയ കാട്ടിൽ വി.എസ്. എബിൻ (29), കൊല്ലം പത്തനാപുരം മങ്ങാട്ട് അനു ആന്റണി (29), കടമ്മനിട്ട മേലെ ചന്തു കാവിൽ മനു മാത്യു (24), മണ്ണാറകുളഞ്ഞി ചെറുവള്ളികര തളത്തിൽ എ. ആൽബിൻ(21) എന്നിവരാണ് പിടിയിലായത്. നാലിന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഘം ക്ഷേത്രത്തിലെത്തിയത്.

അസഭ്യം പറഞ്ഞു കൊണ്ട് പാഞ്ഞടുത്ത സംഘം ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കട്ടൗട്ട് തകർത്തു. ഇവിടെയുള്ള കടയിലെ സ്ത്രീ ഇതിനെ ചോദ്യം ചെയ്തതോടെ അവർക്ക് നേരെ തിരിഞ്ഞു. തുടർന്ന് വടിവാളുകളുമായി അകത്തു കടന്ന് കസേരയും മൈക്ക് സെറ്റ് സാധനങ്ങളും വലിച്ചെറിഞ്ഞു. ക്ഷേത്രത്തിൽ തൂക്കിയിരുന്ന ദേവീദേവന്മാരുടെ ഫോട്ടോകളും വഴിപാട് വിവരങ്ങൾ അടങ്ങിയ ബോർഡും അടിച്ചു തകർത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണ് ക്ഷേത്രം. ഏറെ നേരം ഇവർ ഇവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് ജീവനക്കാർ പറഞ്ഞു. ഇവരിൽ ഒരാളുടെ മൊബൈൽ ഫോൺ ക്ഷേത്ര പരിസരത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ഉത്സവം മൂന്നിനാണ് കഴിഞ്ഞത്. ഇതിന്റെ ഭാഗമായുള്ള ഗാനമേള നാലിന് പുലർച്ചെയാണ് സമാപിച്ചത്. ഗാനമേള ആരംഭിച്ചതു മുതൽ ഇതേ സംഘം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ലഹരി ഉപയോഗിച്ചെത്തിയ ഇവർ ഗാനമേളയ്ക്കിടെ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

എതിർത്തപ്പോൾ ഇവർ നാട്ടുകാർക്ക് നേരെ തിരിഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇവരെ അടിച്ചോടിക്കുകയായിരുന്നു. ഇതിന് പ്രതികാരം ചെയ്യാനാണ് നാലിന് വൈകിട്ട് സംഘം ക്ഷേത്രത്തിലെത്തി അക്രമം നടത്തിയതെന്ന് പറയുന്നു. വിവരം അറിഞ്ഞ് വിശ്വാസികൾ ക്ഷേത്രത്തിൽ തടിച്ചു കൂടി. സംഘർഷം ഒഴിവാക്കാൻ വൻ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പിടിയിലായ പ്രതികൾ പോലീസ് സ്‌റ്റേഷനിൽ വച്ചും ക്ഷേത്രഭാരവാഹികളെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു. പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്നായിരുന്നു ഭീഷണി. പ്രതികൾ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നാണ് ആരോപണം. സി.പി.എം നേതൃത്വം ഈ വിവരം നിഷേധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *