പെരുനാട് – വയറൻ മരുതിയിലെ ഹോട്ടലിലെ അടുപ്പിൽ പൊട്ടിത്തെറി. അശ്രദ്ധമായി അടുക്കള കൈകാര്യം ചെയ്തതിന് ഹോട്ടലുടമയ്‌ക്കെതിരേ കേസ് എടുത്തു. ശ്രീമുരുക സ്വാമി ക്ഷേത്രത്തിനടുത്തുള്ള നിതിൻ ആൻഡ് നിഖിൽ വെജിറ്റേറിയൻ ഹോട്ടലിലെ അടുക്കളയിൽ നിന്നാണ് ഇന്ന് രാവിലെ വലിയ ശബ്ദം ഉയർന്നത്. വിവരമറിഞ്ഞു പോലീസ് സംഘം ഉടനടി സ്ഥലത്തെത്തി അന്വേഷണം നടത്തി. വയറൻ മരുതി പുത്തൻ പറമ്പിൽ ശിവൻ കുട്ടി(65) യുടേതാണ് ഹോട്ടൽ.
ഇയാൾ ഹോട്ടലിലെ ചപ്പുചവറുകൾ തൂത്തുകൂട്ടി അടുപ്പിൽ ഇട്ടപ്പോൾ അബദ്ധത്തിൽ സിഗരറ്റ് ലൈറ്ററും വീണതാണ് പൊട്ടിത്തെറിക്ക് കാരണമായത് എന്നാണ് കരുതുന്നത്. ആളപായമില്ല. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ അശ്രദ്ധമായി കൈകാര്യം ചെയ്തതുമൂലമുള്ള അപകടമാണെന്ന് പോലീസിന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. ശാസ്ത്രീയ പരിശോധനയിൽ സ്‌ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. റാന്നി ഡിവൈ.എസ്.പി ആർ ജയരാജിന്റെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. പെരുനാട് എസ്.എച്ച്.ഓ വിഷ്ണുവിന്റെ നേതൃത്വത്തിൽ പെരുനാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു. ബോംബ് സ്‌ക്വാഡ്, ഫോറൻസിക്ക് സംഘം എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പെരുനാട്ടിലെ സി.ഐ.ടി.യു പ്രവർത്തകൻ ജിതിൻ ഷാജി കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി നിഖിലിഷിന്റെ പിതാവാണ് ശിവൻകുട്ടി.


