മേക്കൊഴൂരിൽ കിണറു വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി മരിച്ചു : ഒരാളെ രക്ഷിച്ച് അഗ്നിരക്ഷാ സേന :

Kerala Pathanamthitta

മൈലപ്ര – മേക്കൊഴുരിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയാൾ വിഷ വാതകം ശ്വസിച്ച് മരിച്ചു. മലയാലപ്പുഴ ഇലക്കുളത്ത് രഘു (48) ആണ് മരിച്ചത്. വെള്ളം വറ്റിക്കാൻ ഉപയോഗിച്ച ഡീസൽ മോട്ടോറിൽ നിന്നുള്ള പുക കിണറിൽ നിറഞ്ഞിരിക്കുമ്പോൾ വൃത്തിയാക്കാൻ ഇറങ്ങിയതാണ് അപകട കാരണം.

ബുധനാഴ്ച വൈകിട്ട് 5.30 ന് വെട്ടിമൂട്ടിൽ ജോർജ് തോമസിന്റെ പുരയിടത്തിലെ ഏകദേശം 45 അടി ആഴവും അഞ്ചടി വ്യാസവും ഉള്ള കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം. ആദ്യം കിണറ്റിൽ ഇറങ്ങിയത് വേലായുധൻ (50 ) എന്നയാളാണ്. ഇദ്ദേഹത്തിന് ശ്വാസതടസം നേരിട്ടതിനെ തുടർന്ന് കിണറ്റിൽ അകപ്പെടുകയായിരുന്നു. വേലായുധനെ രക്ഷപ്പെടുത്താനാണ് രഘു ഇറങ്ങിയത്. അഗ്‌നി രക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ അഭിജിത്തിന്റെ നേതൃത്വത്തിൽ എത്തിയ സംഘം കിണറ്റിൽ ഇറങ്ങി രണ്ടുപേരെയും കരയ്ക്ക് കയറ്റി ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

കിണർ വറ്റിക്കുന്നതിനായി ഡീസൽ പമ്പ് ഉപയോഗിച്ചതിനാൽ പുകയും കാർബൺ മോണോക്‌സൈഡ് വാതകവും കിണറിനുള്ളിൽ നിറഞ്ഞിരുന്നു. ഇത് അറിയാതെ കിണറ്റിൽ ഇറങ്ങിയതാണ് അപകടകാരണം. കരയ്ക്ക് എത്തിച്ച ഉടനെ തന്നെ സേനാംഗങ്ങൾ രണ്ടുപേർക്കും കൃത്രിമ ശ്വാസോച്ഛ്വാസം നൽകി. ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും കൃത്രിമ ശ്വാസോച്ഛ്വാസം നൽകിയതിനാൽ ഇതിൽ ഒരാളുടെ ജീവൻ നിലനിർത്താൻ സാധിച്ചു.

രഘുവിന്റെ ഭാര്യ: സതിയമ്മ. മക്കൾ: രതീഷ്, രമേശ്, രതി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *