കുന്നുകൾ സംരക്ഷിക്കാൻ ചീരംകുന്ന് മലയുടെ അടിവാരത്ത് മനുഷ്യചങ്ങല തീർത്തു ;

Kerala Pathanamthitta
Print Friendly, PDF & Email

ഏഴംകുളം: ഭൂമാഫിയയുടെ ഭീഷണി നിലനിൽക്കുന്ന തേപ്പുപാറയിലെ കുന്നുകൾ സംരക്ഷിക്കാൻ തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണ സമതിയുടെ നേത്യത്വത്തിൽ തേപ്പുപാറയിൽ മനുഷ്യച്ചങ്ങല തീർത്തു. ചീരംകുന്ന് മലയുടെ അടിവാരത്ത് നിന്നും തുടങ്ങിയ ചങ്ങലയിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്തു. #തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണസമിതി ചെയർമാൻ വിജയൻ നായർ അദ്ധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ ബാബു ജോൺ സമരം ഉദ്ഘാടനം ചെയ്തു. സമരസമതി കൺവീനർ വിജു രാധാകൃഷ്ണൻ, കെ. പ്രസന്നകുമാർ, എസ്.സി ബോസ്, സി. ജി മോഹനൻ, രജിത ജയ്സൺ, ചന്ദ്രിക, ശിവൻകുട്ടി, പ്രിൻസ് വിളവിനാൽ, രജീഷ്, സുജനകുമാർ, ഗീവർഗീസ്, കൊച്ചു ചെറുക്കൻ, സുനന്ദ പരശുറാം എന്നിവർ സംസാരിച്ചു.

ഏഴംകുളം വില്ലേജിൽ ഉൾപ്പെടുന്ന ചീരംകുന്ന് മലയുടെ 24 ഏക്കർ വരുന്ന ഭൂമിയിലാണ് സാർസ് ഇൻഫ്രാസ്ട്രക്ച്ചർ എന്ന സ്ഥാപനം മലയിടിച്ച് മണ്ണ എടുത്ത് കൊണ്ടുപോകുവാൻ നീക്കം നടത്തുന്നത്. ഈ സ്ഥാപനം ഭൂപരിഷ്കരണ നിയമം ലംഘിച്ചതായി അടൂർ തഹസീൽദാർ കണ്ടെത്തി.90 ഡിഗ്രി ആംഗ്ലിൽ സ്ഥിതി ചെയ്യുന്ന പാറകൾ ഇല്ലാത്ത കുന്നിൽ നടത്തുന്ന വലിയ ചലനങ്ങൾ വൻ ദുരന്തത്തിന് ഇടവരുത്തും. കുന്നിൻ്റെ അടിത്തട്ടിൽ നിന്നും ഉൽഭവിക്കുന്ന മൂന്ന് നീർച്ചാലുകൾക്കും മണ്ണ് എടുപ്പ് വലിയ ഭീഷണി ഉയർത്തുന്നു. യാതൊരു പാരിസ്ഥിതിക പഠനങ്ങളും നടത്താതെയാണ് കുന്ന് ഇടിച്ച് നിരത്തുന്നതിനുള്ള നീക്കം നടത്തുന്നത്.

ഇതോടൊപ്പം ഏനാദിമംഗലം വില്ലേജ് പരിധിയിൽ ഉൾപ്പെടുന്നതും ഏഴംകുളം, ഏനാദിമംഗലം പഞ്ചായത്തുകളിൽ ഉൾപ്പെടുന്നതുമായ വേളമുരുപ്പും ഇടിച്ച് നിരത്താൻ നീക്കം നടക്കുകയാണ്. ജില്ലാ ദുരന്ത നിവാരണ വകുപ്പ് എല്ലാവർഷവും ഉരുൾപൊട്ടൽ സാദ്ധ്യതാ പ്രദേശമായി പ്രഖ്യാപിക്കുന്ന മേഖലയിൽ നിന്നും വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തുവാനാണ് ശ്രമം നടക്കുന്നത്. അഞ്ച് ഏക്കറിലധികം വരുന്ന കുന്നിടിച്ച് മണ്ണ് എടുക്കുന്നതിൻ്റെ ഭാഗമായി ഭൂമിയിൽ മഞ്ഞക്കുറ്റിയും സ്ഥാപിച്ചു. കൊടുമൺ പഞ്ചായത്തിലെ അങ്ങാടിയ്ക്കൽ വില്ലേജിൽ ഉൾപ്പെടുന്ന തേപ്പുപാറ എസ്.എൻ.ഐ.ടി കോളേജിന് എതിർവശമുള്ള കുന്നിടിച്ച് പതിനാറ് ഏക്കറിൽ നിന്നും മണ്ണെടുക്കുന്നതിനുള്ള ശ്രമം മാഫിയകൾ നടത്തിവരികയാണ്. കുന്നിടിച്ച് മണ്ണ് എടുക്കുന്നതിൻ്റെ ഭാഗമായി ഭൂമിയിൽ മഞ്ഞക്കുറ്റികൾ സ്ഥാപിച്ചു. തേപ്പുപാറയിലെ കുന്നുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും കാവ്യ പ്രതിരോധ വും അടൂരിലെ മൈനിങ് & ജിയോളജി ജില്ല ഓഫീസിലേക്ക് മാർച്ച് ഉൾപ്പടെയുള്ള പ്രതിഷേധങ്ങൾ നടത്തിയിരുന്നു.

തേപ്പുപാറയിലെ കുന്നുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി, മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, ജിയോളജിസ്റ്റ് ഉൾപ്പെടെ ഉള്ളവർക്കും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ ഇത് സംബന്ധിച്ച് കേസും എടുത്തിട്ടുണ്ട്. ഏഴംകുളം ഗ്രാമപഞ്ചായത്ത് ഭരണസമതി തൊടുവക്കാട് വാർഡിൽ സ്പെഷ്യൽ ഗ്രാമസഭ യോഗം വിളിച്ച് ചേർത്ത് തേപ്പുപാറയിലെ കുന്നുകൾ സംരക്ഷിക്കണമെന്ന പ്രമേയവും പാസാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *