വിഷുക്കണി ഒരുക്കുന്നതെങ്ങനെ.. ?

Kerala Pathanamthitta Special

ആറന്മുള – കണിയൊരുക്കുന്നതിനു കൃത്യമായ പഴമയുടെ കാലം മുതൽ തുടരുന്ന ആചാരപരമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം എന്നുമാത്രം. കണി വെക്കുന്ന ഓരോ വസ്തുവും സത്വ, രജോ, തമോ ഗുണമുള്ളവയായിരിക്കണം. കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു. നിലവിളക്കിന്റെ സമീപത്ത് ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളിയും തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേര മുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.

സ്വർണ വർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ്ക്കേണ്ടത്. ചക്ക ഗണപതിയുടെ ഇഷ്ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ ആറന്മുള കണ്ണാടി കൂടി വയ്ക്കാം. പാർത്ഥസാരഥിക്ക് ആറന്മുള കണ്ണാടി പ്രിയം. വാൽക്കണ്ണാടി വെക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്. എന്തായാലും കണ്ണാടി വെക്കണം. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻ കൂടിയാണിത്. “അഹം ബ്രഹ്‌മാസ്‌മി ” എന്ന നീ തന്നെയാകുന്നു സ്വത്വവും എന്ന് തിരിച്ചറിയുക എന്നും സങ്കൽപമുണ്ട്. കൃഷ്ണ വിഗ്രഹം കൂടി ഇതിനടുത്തുവയ്ക്കാം. എന്നാൽ വിളക്കിലെ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.

തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്ക്കും പാക്കിനു മൊപ്പം വേണം വയ്ക്കാൻ. ലക്ഷ്മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു. പച്ചക്കറി വിത്തുകൾ വയ്ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ കൃഷിയിടത്തിൽ വിതയ്ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്ക്കണം. ജീവൻറെയും പ്രപഞ്ചത്തിൻറെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്. എന്നാണു പഴമയുടെ ആചാരം !!

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *