പത്തനംതിട്ട – സാമൂഹ്യ വികസനത്തിലും പുരോഗമനത്തിലും സ്ത്രീകളെ സജീവ പങ്കാളികളായാക്കാൻ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓമല്ലൂർ ചീക്കനാലിൽ ആരംഭിച്ച ‘വസ്ത്ര ബോട്ടിക്’ വിജയകരമായി മുന്നോട്ട്. വത്സല ശിവദാസ്, ലാലി ജോസ് എന്നിവരാണ് സംരംഭകർ. 2024-2025 പദ്ധതിയിൽ ഉൾപ്പെടുത്തി സബ്‌സിഡിയോടെ അനുവദിച്ച 1.38 ലക്ഷം രൂപയാണ് ബോട്ടികിന്റെ മുതൽമുടക്ക്.
ലേഡീസ് ഫാൻസി ഇനങ്ങളും എംബ്രോയ്ഡറിക്ക് ആവശ്യമായ സീക്വൻസ്, മുത്തുകൾ, നൂലുകൾ, ലെയ്‌സുകളും ലഭ്യമാണ്. തയ്യൽയൂണിറ്റും ഇവിടെ ഉണ്ട്. തയ്ച്ചു നൽകുന്ന വസ്ത്രങ്ങൾക്ക് പുറമേ ഡിസൈനർ നൈറ്റികളും ചുരിദാറുകളും ഒരുക്കിയിട്ടുണ്ട്. വിവാഹം, janmadinam തുടങ്ങിയ ആഘോഷങ്ങൾക്ക് വസ്ത്രങ്ങളിലെ അലങ്കാര പണികളും ‘ആരി’ എംബ്രോയ്ഡറിയും ചെയ്യും.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യം , വിദ്യാഭ്യാസം, തൊഴിൽ എന്നിവ മെച്ചപ്പെടുത്തുന്നതിന് വിപുലമായ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നതെന്ന് പ്രസിഡന്റ് ജെ ഇന്ദിരാദേവി പറഞ്ഞു. തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക, വനിതകളെ സ്വയം പര്യാപ്തതരാക്കുക എന്നിവയാണ് ലക്ഷ്യം. വസ്ത്ര നിർമാണ യുണിറ്റ് കൂടി ആരംഭിക്കാനുള്ള ശ്രമത്തിലാണെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.


