പത്തനംതിട്ട – മൃതദേഹം സംസ്‌കരിക്കുന്നതിന് വാതക ശ്മശാനം സജ്ജമാക്കി സീതത്തോട് ഗ്രാമ പഞ്ചായത്ത്. ആങ്ങാമൂഴി കൊച്ചാണ്ടിയിൽ 55 സെന്റിലാണ് ആധുനിക സൗകര്യങ്ങളുള്ള ശ്മശാനം. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സി എഫ് സി ടൈഡ് ഫണ്ട് 44 ലക്ഷം രൂപ പദ്ധതിക്ക് വിനിയോഗിച്ചു. ജില്ലാ നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. ആദ്യഘട്ടത്തിൽ സാങ്കേതിക വിദഗ്ധർ ജീവനക്കാരെ സഹായിക്കും.

മലയോര ഗ്രാമത്തിലെ ജനങ്ങളുടെ ആവശ്യമായിരുന്നു ആധുനിക ശ്മശാനം. സ്ഥല പരിമിതി മൂലം മൃതദേഹം ഉചിതമായി സംസ്‌കരിക്കുന്നതിനുള്ള പ്രതിസന്ധിയാണ് വാതകശ്മശാനത്തോടെ പരിഹരിക്കുന്നത്. എൽപിജി സിലിണ്ടറുകളാണ് ഉപയോഗിക്കുക. ദുർഗന്ധമില്ലാതെയും ദ്രുതഗതിയിലും മൃതദേഹം സംസ്‌കരിക്കാനാകും. പരിസ്ഥിതി മലിനീകരണം കുറയും. മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡം പാലിച്ചാകും പ്രവർത്തനം.
നിലവിൽ സീതത്തോട് മേഖലയിലെ ആദ്യ വാതക ശ്മശാനമാണ്. പരിസരത്ത് ചെടികൾ ഉൾപ്പെടെയുള്ള സൗന്ദര്യവൽക്കരണം സാധ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ആർ പ്രമോദ് പറഞ്ഞു.


