ഒറ്റ മന്ത്രിമാരുടെ പാർട്ടി ഓഫീസുകൾ കേന്ദ്രീകരിച്ച് സർവ്വീസ് സംഘടനകൾ രൂപീകരിക്കാൻ നീക്കം : ലക്ഷ്യം ഭരണത്തിലെ കൈകടത്തൽ എന്ന് വ്യക്തം

Idukki Politics
Print Friendly, PDF & Email

ഇടുക്കി: സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരമേറ്റതോടെ, ഭരണ സിരാകേന്ദ്രങ്ങളെ മാറ്റിമറിക്കാൻ പോന്ന രാഷ്ട്രീയ പുനഃക്രമീകരണങ്ങൾക്ക് ജില്ലാതല സർക്കാർ ഓഫീസുകളിലും തുടക്കമായി. ഘടകകക്ഷികൾക്ക് ലഭിച്ച വകുപ്പുകളിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ പുതിയ സർവീസ് സംഘടനകൾ രൂപീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ. ഭരണാനുകൂല സംഘടനകളുടെ ജില്ലാ ഓഫീസുകളിലും ഘടക കക്ഷികളുടെ പ്രാദേശിക പാർട്ടി ആസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് എന്തിനാണെന്ന് വ്യക്തമല്ലേ ?

തങ്ങൾക്ക് ലഭിച്ച വകുപ്പുകളിൽ ജില്ലാ തലത്തിൽ സ്വന്തം പാർട്ടി അനുഭാവികളായ ജീവനക്കാരെ ഒരുമിച്ച് കൂട്ടി പുതിയ യൂണിയനുകൾക്കോ ഫോറങ്ങൾക്കോ രൂപം നൽകാനാണ് ഘടകകക്ഷികളുടെ നീക്കം. പുതിയ മന്ത്രിമാരുമായി അടുത്ത ബന്ധമുള്ള പ്രാദേശിക നേതാക്കളെ സ്വാധീനിച്ച് അനുകൂലമായ സ്ഥലംമാറ്റങ്ങളും പ്രധാന തസ്തികകളിൽ നിയമനങ്ങളും നേടിയെടുക്കുക എന്ന ലക്ഷ്യവും ഈ കൂട്ടയോട്ടത്തിന് പിന്നിലുണ്ട്. മുൻപ് ഒരു പ്രത്യേക രാഷ്ട്രീയ ചേരിയിൽ നിന്നിരുന്ന പല ഉദ്യോഗസ്ഥരും, വകുപ്പ് മാറിയതോടെ പുതിയ മന്ത്രിമാരുടെ പാർട്ടിയുടെ കൊടിക്കീഴിലേക്ക് മാറാൻ തക്കം പാർത്തിരിക്കുകയാണ്.

എല്ലാ മേഖലകളിലും കാര്യമായ ജന സ്വാധീനമോ കേഡർ സംവിധാനമോ ഇല്ലാത്ത ചെറുകക്ഷികളാണ് ഈ ഘടകകക്ഷികളിൽ ഭൂരിഭാഗവും എന്നതാണ് കൗതുകകരം. പലയിടങ്ങളിലും പേരിന് മാത്രം പ്രവർത്തിക്കുന്ന ഈ പാർട്ടികളുടെ ജില്ലാ കമ്മിറ്റി ഓഫീസുകൾ എവിടെയാണെന്നോ പ്രാദേശിക നേതാക്കൾ ആരൊക്കെയാണെന്നോ പോലുമറിയാതെ ഉദ്യോഗസ്ഥർ വലയുകയാണ്.

ഘടകകക്ഷി നേതാക്കളുടെ പേരു വിവരങ്ങളും പാർട്ടി ഓഫീസുകളുടെ വിലാസവും തേടി പത്രം ഓഫീസുകളിലേക്ക് നിരവധി ഉദ്യോഗസ്ഥരാണ് ഇപ്പോൾ നിരന്തരം ഫോൺ കോളുകളുമായി ബന്ധപ്പെടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലംമാറ്റ ഉത്തരവുകൾ പുറത്തിറങ്ങാനിരിക്കേ, കസേര ഉറപ്പിക്കാനും അനുകൂല തസ്തികകൾ സ്വന്തമാക്കാനുമുള്ള ഉദ്യോഗസ്ഥരുടെ നെട്ടോട്ടം കൂടുതൽ ശക്തമാകാനാണ് സാദ്ധ്യത. ഭരണ സ്വാധീനം ഉറപ്പിക്കാൻ ഒറ്റ മന്ത്രി പാർട്ടികളിലേക്കുള്ള ചെറുപാർട്ടികളുടെ ലയനങ്ങളും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *