പന്തളം – തെക്കേക്കര ഗ്രാമപഞ്ചായത്തിലെ മാവര പാടശേഖരത്തിൽ വളരുന്നത് വർണശബളമായ നെൽച്ചെടികൾ. ഗുണമേന്മയുള്ള നെല്ലിനം കർഷകർക്കിടയിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ പഞ്ചായത്ത് ആദ്യമായാണ് ‘ജപ്പാൻ വയലറ്റ്’ കൃഷിയിറക്കിയത്. 2024- 25 പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവനിൽ നിന്നും സൗജന്യമായി 20 കിലോ വിത്തുകൾ നൽകി.
മാവര പാടശേഖര സമിതിയുടെ അര ഏക്കറിൽ ബിന്ദു എന്ന കർഷകയുടെ നേതൃത്വത്തിലാണ് കൃഷി. ചാണകം, കമ്പോസ്റ്റ്, പച്ചിലവളം എന്നിവയാണ് ഉപയോഗിക്കുന്നത്. മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ച് ദ്രുതഗതിയിലുള്ള വളർച്ച ജപ്പാൻ വയലറ്റിനുണ്ട്. വിളവെടുപ്പിന് 110 ദിനം ആവശ്യം. കീടപ്രതിരോധശേഷി കൂടിയ നെല്ലിനത്തിന്റെ ഉത്ഭവം ജപ്പാനിലാണ്.
ഉയർന്ന ധാതുക്കളുടെ സാന്നിധ്യത്തോടൊപ്പം വിവിധ പോഷകങ്ങളുടെ ഉറവിടം കൂടിയാണ് വയലറ്റ് നെല്ലിനമെന്ന് കൃഷി ഓഫീസർ സി ലാലി സാക്ഷ്യപ്പെടുത്തി. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നം. കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റ്ുകൾ അടങ്ങിയിട്ടുണ്ട്. ഉയർന്ന ഫൈബർ ചർമത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തിന് ഗുണകരമാണ്. പ്രോട്ടീനും ഇരുമ്പും കൊണ്ട് സമ്പുഷ്ടമായ ഇവ പ്രതിരോധശേഷി വർധിപ്പിക്കുന്നവയാണെന്നും കൃഷി ഓഫീസർ കൂട്ടിച്ചേർത്തു.
ഉയർന്ന ഈർപ്പമുള്ള പുഞ്ചനിലങ്ങളിലാണ് വളരുന്നത്. മാവര പാടശേഖരം ഉൾപ്പെട്ട പെരുമ്പുളിക്കൽ പ്രദേശത്ത് ഏകദേശം 15 ഹെക്ടറിലായി ജപ്പാൻ വയലറ്റ് കൂടാതെ ഉമ, ഭാഗ്യ നെല്ലിനങ്ങളുമുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ച് ‘തട്ട ബ്രാൻഡ്’ പേരിൽ വിപണിയിൽ എത്തിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

