കോട്ടയം: പൊതുവിദ്യാഭ്യാസ ഡയറക്ടറെ ഇടയ്ക്കിടെ മാറ്റുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ രംഗത്തെത്തിയതോടെ യുഡിഎഫ് മുന്നണിക്കുള്ളിലെ ഭിന്നത കൂടുതൽ മറനീക്കി പുറത്തുവരുന്നു. ഉദ്യോഗസ്ഥരുടെ ഇത്തരം അടിക്കടിയുള്ള സ്ഥലംമാറ്റങ്ങളോടുള്ള തന്റെ കടുത്ത വിയോജിപ്പ് ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പരസ്യമായി വ്യക്തമാക്കുകയായിരുന്നു.
പരീക്ഷകൾ, കലാമേളകൾ, കായികമേളകൾ തുടങ്ങി നിരവധി നിർണായക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ട ഒരു പ്രധാന വകുപ്പാണ് പൊതുവിദ്യാഭ്യാസം. എന്നാൽ ഇത്തരം തന്ത്രപ്രധാനമായ പദവിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരെ നിരന്തരം മാറ്റുന്നത് ഭരണനിർവഹണത്തെ ബാധിക്കുമെന്നാണ് മന്ത്രിയുടെ നിലപാട്. ഉദ്യോഗസ്ഥരുടെ പൊതുമാറ്റത്തിന്റെ ഭാഗമായാണ് നിലവിലെ മാറ്റമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, പൊതുഭരണ വകുപ്പിന്റെയും സർക്കാരിന്റെയും തീരുമാനങ്ങളിലുള്ള മുന്നണിയിലെ തന്നെ അഭിപ്രായവ്യത്യാസമാണ് മന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
*ഖാദർ കമ്മീഷൻ റിപ്പോർട്ടിലും ആകെ ഇടച്ചിൽ
ഡയറക്ടറുടെ മാറ്റത്തിന് പുറമെ, ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്ന കാര്യത്തിലും മുന്നണിക്കുള്ളിൽ പ്രകടമായ ഭിന്നത നിലനിൽക്കുന്നുണ്ട്. റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ചർച്ചകളോ നടപടികളോ നടക്കുന്നില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. റിപ്പോർട്ടിലെ പല നിർദേശങ്ങളോടും വ്യക്തിപരമായും മുന്നണി തലത്തിലും വിയോജിപ്പുണ്ടെന്നും ഇക്കാര്യം നേരത്തെ തന്നെ നിയമസഭയിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
റിപ്പോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ വീണ്ടും വിശദമായി പരിശോധിക്കേണ്ടതുണ്ട്. അധ്യാപക സംഘടനകളുടെ നിലപാട് കൂടി അറിഞ്ഞ ശേഷമേ ഇതിൽ തുടർനടപടികളിലേക്ക് കടക്കൂവെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളും നയപരമായ തീരുമാനങ്ങളിലെ വിയോജിപ്പുകളും വരും ദിവസങ്ങളിൽ യുഡിഎഫിൽ കൂടുതൽ ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

