സന്നിധാനം – അയ്യപ്പനുവേണ്ടി പാൽ ചുരത്തുകയാണ് സന്നിധാനത്തെ ഗോശാലയിലെ പശുക്കൾ. ഗോശാലയിൽ ഉൽപാദിപ്പിക്കുന്ന ശുദ്ധമായ പാലാണ് ശബരിമലയിലെ ദൈനംദിന പൂജകൾക്കും നിവേദ്യത്തിനും ഉപയോഗിക്കുന്നത്.
വെച്ചൂർ, ജേഴ്സി, എച്ച്.എഫ്. ഇനങ്ങളിൽപ്പെട്ട ചെറുതും വലുതുമായ 18 പശുക്കളാണ് നിലവിൽ ഗോശാലയിൽ ഉള്ളത്.
കഴിഞ്ഞ 10 വർഷമായി ഗോക്കളെ പരിപാലിക്കുന്നത് പശ്ചിമ ബംഗാൾ സ്വദേശിയായ ആനന്ദ സമന്തയാണ്. ഒരു നിയോഗം പോലെ കൈവന്ന അവസരത്തെ ഭക്തിയോടെ വിനിയോഗിക്കുകയാണ് ആനന്ദ.
പുലർച്ചെ ഒരു മണിയോടെ തന്നെ ഗോശാല ഉണരും. മൂന്നിന് ക്ഷേത്ര നട തുറക്കുന്നതിന് മുന്നേ തന്നെ പാൽ കറന്നെത്തിക്കണം. ആദ്യം തൊഴുത്ത് വൃത്തിയാക്കും. തുടർന്ന് പശുക്കളെ കുളിപ്പിക്കും. പിന്നീടാണ് പ്രർത്ഥനാ പൂർവ്വമുള്ള പാൽ കറന്നെടുക്കൽ. രണ്ടുമണിയോടെ കറവ പൂർത്തിയാക്കി, പാൽ സന്നിധാനത്ത് എത്തിക്കും. അഭിഷേകത്തിനും നിവേദ്യത്തിനുമാണ് ഇത് ഉപയോഗിക്കുന്നത്.
വൻ തീർത്ഥാടനത്തിരക്കുള്ള ശബരിമലയിൽ അതൊന്നും ബാധിക്കാതെ തീർത്തും ശാന്തമായ അന്തരീക്ഷത്തിലാണ് ഗോശാലയുടെ പ്രവർത്തനം. വെളിച്ചവും ഫാനും ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും ഗോശാലയിൽ സജ്ജമാക്കിയിട്ടുണ്ട്. പശുക്കൾക്കൊപ്പം ഒരു ആടും ഇപ്പോൾ അതിഥിയായി ഇവിടെ കഴിഞ്ഞുവരുന്നുണ്ട്. ഭസ്മക്കുളത്തിനടുത്തായാണ് ഗോശാല.


