പത്തനംതിട്ട – ശബരിമല മേടം വിഷു മഹോത്സവത്തിന്റെ ഒരുക്കങ്ങൾ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിലയിരുത്തി. സന്നിധാനത്ത് സുരക്ഷിതവും സുഗമവുമായ തീർഥാടനം ഉറപ്പാക്കും. നിലയ്ക്കൽ ബേസ് ക്യാമ്പ് പാർക്കിംഗിലും ഹിൽ ടോപ്പിലും ചക്കു പാലത്തും പോലീസ് സുരക്ഷയുണ്ടാകും. പാർക്കിങ് ഗ്രൗണ്ടുകളിൽ സുരക്ഷാ കാമറ, ഉച്ചഭാഷിണി മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്തും. അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങളും ചില്ലകളും മുറിച്ചു മാറ്റും . വനപാതകളിൽ മുഖാവരണങ്ങൾ നിക്ഷേപിക്കുന്നതിന് ബിന്നുകളുണ്ടാകും. വിവിധ ഭാഷകളിൽ പ്ലാസ്റ്റിക് നിരോധന ജാഗ്രതാ ബോർഡുകൾ, അപകട സാധ്യതയുള്ള കടവുകളിൽ ബാരിക്കേഡുകൾ, ളാഹ മുതൽ പമ്പ വരെയുള്ള 23 ആനത്താരകളിൽ മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിക്കും. പമ്പ- നിലയ്ക്കൽ കെ എസ് ആർ ടി സി ചെയിൻ സർവീസും പമ്പ, എരുമേലി, പന്തളം എന്നിവിടങ്ങളിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബസ് സർവീസും ഏർപ്പെടുത്തും. സന്നിധാനം, പമ്പ , നിലയ്ക്കൽ ബേസ് ക്യാമ്പ്, പത്തനംതിട്ട, റാന്നി , റാന്നി-പെരുനാട് എന്നിവിടങ്ങളിലെ ആശുപത്രികൾ പൂർണ സജ്ജമാക്കും. ആന്റിവെനം ആശുപത്രികളിൽ ലഭ്യമാക്കും. പമ്പയിലും സന്നിധാനത്തും ആയുർവേദ, ഹോമിയോ താത്കാലിക ഡിസ്‌പെൻസറികളുണ്ടാകും. സബ് കലക്ടർ സുമിത് കുമാർ ഠാക്കൂർ, ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.


