ഇലവുംതിട്ട – 1970 കളിൽ ജനിച്ചു ജീവിക്കുന്ന മനുഷ്യർക്ക് ഒരിക്കലും മറക്കാനാകുമെന്ന് കരുതുന്നില്ല വാൽവ് റേഡിയോ. എന്റെ അച്ഛൻ ഉണ്ടാക്കിയ വാൽവ് റേഡിയോയിലാണ് ഞാൻ ആദ്യമായി പാട്ട് കേട്ടത് എന്ന് പറയാൻ എനിക്കഭിമാനം തന്നെ. അതും ചാണ്ഡിഗഢിൽ വെച്ച്. വ്യോമസേനയിൽ ആർ ആൻഡ് ടി സെക്ഷനിൽ ജോലി ചെയ്തിരുന്ന അച്ഛൻ വീട്ടിൽ വന്നാൽ പിന്നെ എപ്പോഴും റേഡിയോ ഉണ്ടാക്കുന്ന മേശയിൽ തന്നെ ഇരിക്കുന്നതാണ് എന്റെ മനസിലെ ഓർമ്മ. രാത്രികളിൽ വാൽവ് റേഡിയോ ട്യൂൺ ചെയ്തു പല സ്റ്റേഷനുകളും പിടിച്ചു ബീപ്പ് സൗണ്ടുകൾ വരുമ്പോൾ പാകിസ്ഥാൻ സൈന്യത്തിന്റെ രഹസ്യ കോഡുകൾ എഴുതിയെടുത്തിരുന്നതും ഓർക്കുന്നു. പിന്നെ ചെറിയ തെറ്റുകൾക്ക് എന്നെയും, മമ്മിയെയും ബെൽറ്റ് കൊണ്ടുപോലും അടിച്ചു ശിക്ഷിച്ചിരുന്ന അച്ഛന്റെ ആ രൂപം, ആ മാറ്റത്തിന് പിന്നിൽ ഒരുപക്ഷെ കുടുംബ ജീവിതത്തിലെ സംഘർഷങ്ങൾ ഉണ്ടായിരുന്നിരിക്കാം എന്ന് ഞാനിപ്പോൾ കരുതുന്നു.
എന്റെ ചെറുപ്പത്തിൽ കളിപ്പാട്ടങ്ങൾക്ക് പകരം ഏറ്റവും കൂടുതൽ കളിക്കാൻ കിട്ടിയിരുന്നത് ഈ വാൽവുകളായിരുന്നു. ഇത് ചേർത്തുവെച്ചു ഞാനും റേഡിയോ ഉണ്ടാക്കി കളിച്ചിട്ടുണ്ട്. പിന്നെ ഒരു മുച്ചാടാൻ സൈക്കിളും ചാണ്ഡിഗഢിൽ വെച്ച് എനിക്ക് അച്ഛൻ വാങ്ങിത്തന്നത് ഉണ്ടായിരുന്നു. ചാണ്ഡിഗഢിൽ നിന്ന് എന്റെ നേഴ്‌സറി പഠനകാലം കഴിയുമ്പോൾ ബാംഗ്ലൂർക്ക് സ്ഥലത്തെ മാറി പോകേണ്ടിവന്നപ്പോൾ ഞാൻ നെഞ്ചുപൊട്ടി കരഞ്ഞത് ആ സൈക്കിൾ എടുക്കാൻ അച്ഛൻ സമ്മതിക്കാതിരുന്നപ്പോൾ ആണ്. അപ്പോഴും ഈ വാൽവുകളും റേഡിയോകളുമൊക്കെ അച്ഛൻ ഭദ്രവുമായി എടുത്തു പെട്ടിയിലാക്കുന്നതും കണ്ടു അച്ഛനോടും, ഈ വാൽവിനോടുമൊക്കെ ദേഷ്യമാണ് എനിക്കുണ്ടായത്.
ബാംഗ്ലൂരിൽ നിന്ന് വ്യോമസേനയിലെ ജോലിയിൽ നിന്ന് വിരമിച്ചു നാട്ടിലേക്കുള്ള മടക്കത്തിലും പെട്ടികൾ നിറയെ വാൽവുകളും റേഡിയോയുമായി ആയിരുന്നു അച്ഛന്റെ മടക്കം. കൂടെ പുതിയ മാർക്ക് 2 അംബാസിഡർ കാർ വാങ്ങിച്ചതും ഓടിച്ചുകൊണ്ടു ബാംഗ്ലൂരിൽ നിന്ന് ഇലവുംതിട്ടയിലേക്ക്. അന്നത്തെ കാലത്ത് അതൊക്കെ വലിയ സംഭവങ്ങളായിരുന്നു. ഇലവുംതിട്ട എന്ന ഗ്രാമത്തിലെ സ്വന്തമായി കാർ ഉണ്ടായിരുന്നത് എന്റെ അച്ഛനും, ഒരു മത്തായി അച്ചായനും ആയിരുന്നു. നാട്ടിൽവന്നു വാൽവ് റേഡിയോ വീട്ടിൽ ഓൺ ആക്കി വെക്കുമ്പോൾ വാർത്തകൾ, കൗതുക വാർത്തകൾ, ചലച്ചിത്ര ഗാനങ്ങൾ, നാടകം ഒക്കെ കേൾക്കാൻ എന്റെ ഗ്രാമവാസികളുടെ ഒരു നീണ്ട നിര വീടിനു മുന്നിൽ കാണുമായിരുന്നു. അച്ഛൻ പിന്നീട് വല്യമ്മയുടെ കാലം മുതലേ അതായത് ഗ്രാമഫോണിന്റെ കാലം മുതലേ ഞങ്ങൾക്കുണ്ടായിരുന്നു മൈക്ക് സെറ്റ് വിപുലീകരിച്ചു എക്സൽ സൗണ്ട് ആരംഭിച്ചു.
ആദ്യ ബെഡ് ടേപ്പ്. അതായത് കിടക്കുന്ന രീതിയിയിലുള്ള ടേപ്പ് റിക്കോർഡർ നാട്ടിൽ കൊണ്ടുവന്നതും അച്ഛൻ തന്നെ. അതിൽ ടേപ്പ് ഇട്ടു കേട്ട് മമ്മി എന്നെ പഠിപ്പിച്ച ഗാനം ചിത്രവർണ്ണ പുഷ്പജാലം ഒരുക്കിവെച്ചു… കദളി ചെങ്കദളി,, ഒക്കെയാണ്. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഈ പാട്ടൊക്കെ ചന്ദനക്കുന്ന് സ്‌കൂളിൽ പാടി സമ്മാനം കിട്ടിയത് ഓർക്കുന്നു. ആ സമയത്താണ് എട്ടുപറയിലെ രഞ്ജിത്തണ്ണൻ ഇലക്ട്രിക്ക് എൻജീയറിംഗ് പഠിക്കുന്നതും പഠന പ്രൊജക്റ്റിന്റെ ഭാഗമായി വാൽവ് കൊണ്ടുള്ള റേഡിയോ ട്രാൻസ്മിറ്റർ നിർമ്മിക്കുന്നതും. അതിലും അച്ഛന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടായിരുന്നെന്ന് ഞാൻ ഓർക്കുന്നു. പ്രോജക്റ്റ് സബ്മിറ്റ് ചെയ്ത ശേഷം രഞ്ജിത്തണ്ണൻ പഞ്ചായത്തിന്റെ അനുമതിയോടെ എട്ടുപറയിലെ വീട്ടിൽ നിന്നും റേഡിയോ സ്റ്റേഷനും ആരംഭിച്ചു. അതാണ് പത്തനംതിട്ട ജില്ലയിലെ ആദ്യ റേഡിയോ സ്റ്റേഷൻ. ആ സ്റ്റേഷനിൽ നിന്ന് കേട്ടിരുന്ന പാട്ടുകളൊക്കെ ഞങ്ങളുടെ മൈക്ക് സെറ്റിന്റെ റിക്കോർഡുകളും. ആ സ്റ്റേഷൻ എവിടെവരെ കിട്ടും എന്ന് പരിശോധിക്കാൻ ഞങ്ങളുടെ മൈക്ക് ഓപ്പറേറ്ററും കൂടി ആയിരുന്ന പരേതനായ പൊടിയൻ സൈക്കിളിൽ പോയി നോക്കിയിട്ടു വന്നു പറയുന്നതൊക്കെ ഇപ്പോഴും ഓർമ്മയിൽ. അന്ന് മൊബൈൽ, ഫോൺ ഒന്നും ഇല്ലല്ലോ. !!
പിന്നെയും ഈ വാൽവ് ഓർമ്മയിൽ ഇലക്ട്രോണിക്സ് തന്നെ പഠിക്കാൻ പോയപ്പോൾ ആണ്. വാൽവ് മാറി ട്രാൻസിസ്റ്റർ വന്ന സമയമാണ്. എന്നാലും വാൽവിനെക്കുറിച്ചും കോഴഞ്ചേരി റീ ഐടിഐ യിലെ തോമസ് അച്ചായൻ സാർ പഠിപ്പിച്ചിരുന്നു. എല്ലാത്തിന്റെയും ബേസിക്ക് വാൽവ് ആണെന്ന് സാർ പറയാറുള്ളത് ഇപ്പോഴും ഓർക്കുന്നു. ട്രാൻസിസ്റ്റർ മാറി എഫ്.ഇ,ടി ആകുമ്പോൾ ഞാൻ ബാംഗ്ലൂരിൽ യുപിഎസ് സർവീസിംഗ് എൻജിനീയർ . അതിനിടക്ക് പറയാൻ മറന്നു. ആംപ്ലിഫയറുകളിലെ രാജാവ് വാൽവ് ആംപ്ലിഫയറുകൾ തന്നെയായിരുന്നു. ഇന്നും ചിലരെങ്കിലും ദൂരെ സ്ഥലങ്ങളിലേക്ക് കോളാമ്പികൾ കൊടുക്കാൻ ചിക്കാഗോ പോലുള്ള ആംളിഫയറുകൾ ഇപ്പോഴും ഉപയോഗിക്കുന്നണ്ടാകും എന്നാണ് കരുതുന്നത്. ചൂടാകും തോറും പ്രവർത്തന ക്ഷമത കൂടുന്ന വാൽവ്വ് ആംപ്ലിഫയറുകളെ വെല്ലാൻ ഇന്നത്തെ ഫീൽഡ് എഫെക്റ്റിങ് ട്രാൻസിസ്റ്റർ ആംപ്ലിഫയറുകൾക്കാകില്ല.
അമ്പലപ്പറമ്പിലെ തണുത്ത വെളുപ്പാങ്കാലത്ത് ചൂടാകുന്ന ആംപ്ലിഫയറിനു മുകളിൽ ചൂടേറ്റ് ഉറങ്ങിയിരുന്ന കാലം ഇപ്പോഴും ഓർമ്മയിൽ.
വാൽവിനെക്കുറിച്ചു കൂടുതൽ ഓർമ്മകൾ മാനിസിൽ ഉള്ളവർ കമന്റിൽ കുറിക്കാൻ മറക്കണ്ട. !!
ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ, ഇലവുംതിട്ട


