മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മരക്കൂട്ടം മുതൽ ശരംകുത്തി വരെ താൽക്കാലിക പന്തൽ നിർമ്മിക്കും

Pathanamthitta

പത്തനംതിട്ട – ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മരക്കൂട്ടം മുതൽ ശരംകുത്തി നെക്ക് പോയിന്റ് വരെ താൽക്കാലിക പന്തൽ നിർമിക്കാൻ തീരുമാനം. ശരംകുത്തി ആൽമരം മുതൽ താഴോട്ട് നടപ്പന്തൽ യു ടേൺ വരെയാണ് പന്തൽ. രണ്ട് സ്ഥലത്തായി ഏകദേശം ഒന്നേകാൽ കിലോമീറ്ററായിരിക്കും നീളം. തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോർഡിന്റെ പന്തൽ നിർമാണം. കഴിഞ്ഞ വർഷങ്ങളിൽ താൽക്കാലിക പച്ച നിറത്തിലുള്ള വലയായിരുന്നു സ്ഥാപിച്ചിരുന്നത്. മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ കലക്ടേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

എരുമേലി- മുക്കുഴി- പമ്പ പാതയിലെ ഉൾവനത്തിലെ വിരികളിൽ ഫയർ ഓഡിറ്റ് നടത്തി മാത്രം നിർമാണ അനുമതി നൽകാൻ ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. വനപാതകളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കും. ളാഹ മുതൽ പമ്പ വരെ അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റും. കഴിഞ്ഞ തീർത്ഥാടന കാലത്ത് 104 ഓളം പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടിരുന്നു. ഈ തവണയും അതിനായി പ്രത്യേക സംഘമുണ്ടാകും. 24 മണിക്കൂറും എലിഫറ്റ് സ്‌ക്വാഡും പ്രവർത്തിക്കും. പമ്പ മുതൽ സന്നിധാനം വരെയുള്ള തീർത്ഥാടന പാതയിൽ അടിയന്തിരഘട്ട വൈദ്യസഹായ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഹൃദ്‌രോഗ വിദഗ്ധരുടെയടക്കം സേവനം ഉണ്ടാകും. സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് തുടങ്ങിയ ആശുപത്രികളിൽ ആന്റി വെനമടക്കം ലഭ്യമാക്കും.

മൈലപ്ര- മണ്ണാറക്കുളഞ്ഞി, മണ്ണാറുക്കുളഞ്ഞി- ചാലക്കയം- പമ്പ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ഹമ്പുകൾ, വളവുകൾ എന്നിവ സൂചിപ്പിക്കുന്ന ബോർഡുകൾ അഞ്ച് ഭാഷകളിലായി സ്ഥാപിക്കും. നിലയ്ക്കൽ ബേസ് ക്യാമ്പ്, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ കിയോസ്‌കുകളിൽ കുടിവെള്ളം ഉറപ്പാക്കും. പമ്പയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തത്സമയ ജലനിരപ്പ് കാണിക്കുന്ന ഇലക്ടോണിക് ഡിസ്‌പ്ലെ സ്ഥാപിക്കുന്നത് പരിഗണനയിലാണ്.

സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളിൽ അഗ്നിശമന സേനയുടെ സേവനം ഉറപ്പുവരുത്തും. പന്തളത്ത് താൽക്കാലിക ഫയർ സ്റ്റേഷൻ സ്ഥാപിക്കും. പമ്പയിൽ സ്‌കൂബാ ഡൈവിംഗ് സേവനം ഉറപ്പാക്കും. നിലയ്ക്കൽ മുതൽ പമ്പ വരെ വൈദ്യുതി ലൈനുകൾ എത്താത്ത സ്ഥലങ്ങളിൽ താൽക്കാലിക സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നത് പരിഗണിക്കും. കെഎസ്ആർടിസി ബസുകളിൽ കയറാൻ തീർത്ഥാടകർക്ക് ക്യൂ സംവിധാനമുണ്ടാകും. പമ്പ ഹിൽടോപ്പിൽ 20 കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം പരിശോധിക്കും.

റാന്നിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്‌സൈസ് കൺട്രോൾ റൂം ആരംഭിക്കും. ലഹരിക്കെതിരെ വിവിധ ഭാഷകളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കും. തീർത്ഥാടന കാലയളവിലെ ഭക്ഷണ സാധനങ്ങളുടെ വിലവിവര പട്ടിക കടകളിൽ പ്രദർശിപ്പിക്കും. ഭക്ഷണ സാധനങ്ങളുടെ ഗുണമേൻമയും വൃത്തിയും ഉറപ്പാക്കും. ദേവസ്വം ബോർഡുമായുള്ള ആശയവിനിമയത്തിന് പ്രധാനവകുപ്പുകൾ ലെയ്‌സൺ ഓഫീസർമാരെ നിയമിക്കാൻ ജില്ലാ കലക്ടർ നിർദേശിച്ചു.

ജില്ലാ പൊലിസ് മേധാവി ആർ ആനന്ദ്, ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *