ഈ മരച്ചീനി എത്രകിലോ ഉണ്ടാകും ? ഇലവുംതിട്ടയെന്ന നാടും കാർഷിക സംസ്കൃതിയും.

Kerala Pathanamthitta Special
Print Friendly, PDF & Email

ഇലവുംതിട്ട – പത്തനംതിട്ട ജില്ലയിലെ മെഴുവേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് ഇലവുംതിട്ട. പത്തനംതിട്ട – മഞ്ഞനിക്കര -ചെങ്ങന്നൂർ റോഡും, കോഴഞ്ചേരി – പന്തളം റോഡും, കടന്നുപോകുന്ന ഗ്രാമം. ശ്രീനാരായണ ഗുരു സന്ദർശിച്ചിട്ടുള്ള ഈ സ്ഥലത്ത്, പ്രദേശത്തെ നവോത്ഥാന നായകനായിരുന്ന സരസകവി മൂലൂർ എസ്. പദ്മനാഭപണിക്കരുടെ ശ്രമഫലമായി രണ്ടേക്കർ സ്ഥലത്തു സ്ഥാപിച്ച ശ്രീമൂലം രാജഗോപാല വിലാസം അങ്ങാടിയും പ്രശസ്തമാണ്. ഈ അങ്ങാടിയുടെ ശതാബ്ദി ആഘോഷിച്ചത് 2009 മെയ്‌ മാസം ആണ്. സമൃദ്ധമായ കാർഷിക സംസ്കൃതിയിൽ മനുഷ്യർ ജീവിച്ചിരുന്ന ഈ നാട്ടിൽ മദ്ധ്യ തിരുവിതാംകൂറിലെ തന്നെ ഏറ്റവും വലിയ കന്നുകാലി ചന്ത ഉണ്ടായിരുന്ന സ്ഥലമാണ്. ശിവഗിരി തീർത്ഥാടനം ആരംഭിച്ചതും 1932-ൽ ഇലവുംതിട്ട അയത്തിൽ നിന്നാണ്.

ചിത്രം – അദ്ധ്യാപക ഔദ്യോഗിക ജീവിതത്തിനൊപ്പം മികച്ച കർഷകനുമായിരുന്ന പരേതനായ അയത്തിൽ പുത്തൻവീട്ടിൽ സി. സദാശിവൻ ( അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ.). 1990 കളിൽ തന്റെ പറമ്പിൽ വിളയിച്ച മരച്ചീനി വിളവെടുത്തപ്പോൾ എടുത്ത ചിത്രം. ഒപ്പം ചെറുമകൻ വേണു ശിവദാസ്, കർഷക തൊഴിലാളികളായ തങ്കച്ചനും പരേതനായ വാസുദേവനും. അമ്പതു കിലോയോളം ഉണ്ടായിരുന്നു ഈ കപ്പ. അന്നത്തെ വില ഏതാണ്ട് 20 , 25

ഇലവുംതിട്ട എന്ന പേരുണ്ടായത് ഇന്നത്തെ മുക്കടയിൽ ഇലവുമരങ്ങളാൽ നിബിഡമായിരുന്നെന്നും, അങ്ങനെയുണ്ടായ ഇലവുംതിട്ട എന്ന പേര് ഈ ദേശത്തിനു പേരു വന്നതെന്നു കരുതപ്പെടുന്നു. സ്ഥലത്തെ ഏറ്റവും ഉയർന്ന കുന്നായ ‘നാമക്കുഴി’ മലയെ കുറിച്ചു ഒരു ഐതിഹ്യം ഉണ്ട്. വനവാസകാലത്തു പാണ്ഡവർ കുറെ കാലം ഇവിടെ ഒളിച്ചിരുന്നു പോലും. കുന്നിൽ മുകളിൽ ഒരിക്കലും വറ്റാത്ത കൊച്ചു കിണറും, സോപ്പ് പെട്ടി വെച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞിരുന്ന അടയാളവും, കല്ലിൽ തീർത്ത കസേരയും, അസാമാന്യ വലിപ്പമുള്ള ഭീമെന്റെയെന്നു വിശ്വസിക്കുന്ന പാറയിൽ പതിഞ്ഞ പാദമുദ്രകളും അടുത്തകാലം വരെ ഉണ്ടായിരുന്നു. ഭൂമി കൈമാറ്റം നടന്നപ്പോൾ അതെല്ലാം നശിപ്പിക്കപ്പെട്ടു. ഒരുപാട് കുളങ്ങളും, തോടുകളും ഉണ്ടായിരുന്ന നാട്. ആ കുളങ്ങളിൽ പലതും മൂടപ്പെടുകയും, ബാക്കിയുള്ളവയെല്ലാം നാശോന്മുഖമായും കിടക്കുന്നതാണ് ഇന്നത്തെ അവസ്ഥ. കുളങ്ങളിലോ തൊടുകളിലോ ഒക്കെ കുളിക്കാനോ, തുണി കഴുകുവാനോ പോയിരുന്ന കാലമൊക്കെ എല്ലാവരും മറന്ന മട്ടാണ്.

ആദ്യ കാലങ്ങളിൽ ആൽമരത്തിന്റെ തണലിൽ മാത്രം ഒതുങ്ങി നിന്ന ഇലവുംതിട്ട കന്നുകാലി ചന്തയും, ബുധനും ശനിയും കൂടിയിരുന്ന ആഴ്ച ചന്തകളും വളരെ പ്രസിദ്ധമായിരുന്നു. ഇന്നും സമീപ പ്രദേശങ്ങളെ അപേക്ഷിച്ചു സജീവമായ ചന്ത നടക്കുന്നത് ഇലവുംതിട്ടയിലാണ്. കൃഷിയും, കാർഷിക വൃത്തിയും, കുറഞ്ഞതോടെ കന്നുകാലി ചന്ത പേരിനുപോലും ഇല്ലാതായി. നൂറ്റാണ്ടിന്റെ പഴക്കമുള്ള ഇലവുംതിട്ട ചന്ത ചരിത്ര സ്മാരകമായി നിലനിൽക്കേണ്ടതാണ്. !!

ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട

Leave a Reply

Your email address will not be published. Required fields are marked *