ജർമ്മൻ ആരോഗ്യ മേഖലയിലെ ഒഴിവുകൾ പ്രയോജനപ്പെടുത്താൻ മലയാളികൾ സജ്ജരാകണം : അജിത് കോളശേരി

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – ജർമ്മനിയിൽ ആരോഗ്യമേഖലയിൽ നഴ്‌സുമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ ഒഴിവുകൾ പ്രയോജനപ്പെടുത്തുന്നതിന് സജ്ജരാകണമെന്ന് നോർക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. പ്ലസ്ടുവിനുശേഷം ജർമ്മനിയിൽ സ്‌റ്റൈപ്പന്റോടെ നഴ്‌സിങ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്‌സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ സംഘടിപ്പിച്ച ഇൻഫോ സെഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നോർക്ക റൂട്ട്‌സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിൽ പഠനത്തിനും തൊഴിൽ പരിശീലനത്തിനുമൊപ്പം പ്രഫഷനിൽ കൂടുതൽ മികവും നേട്ടങ്ങളും കൈവരിക്കുന്നതിനും അവസരമുണ്ട്. ആശുപത്രിയിലും കെയർഹോമിലും പരിശീലനം ലഭിക്കുമെന്നത് നഴ്‌സിംഗ് പ്രഫഷനിൽ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുടെ ഇന്റർനാഷണൽ പ്ലേസ്‌മെന്റ് സർവീസസ്(ഇസഡ് എ വി) പ്രതിനിധികളായ ലോറ, ഖാലിദ് എന്നിവർ ക്ലാസ് നയിച്ചു. മാതാപിതാക്കളുടെയും ഉദ്യോർഥികളുടെയും സംശയങ്ങൾക്ക് ഇരുവരും മറുപടി നൽകി. നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജർ പ്രകാശ് പി ജോസഫ് പദ്ധതി വിശദീകരിച്ചു. ഇതോടൊപ്പം ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാംബാച്ചിലേയ്ക്ക് ഒഴിവുളള 20 സ്ലോട്ടുകളിലേയ്ക്കുളള സർട്ടിഫിക്കറ്റ് വെരിക്കേഷനും നടന്നു. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാർച്ച് ആറു മുതൽ 11 വരെ നടക്കുന്ന അഭിമുഖങ്ങളിലും പങ്കെടുക്കാൻ അവസരമുണ്ടാകും. ജർമ്മൻ ഭാഷയിൽ ബി വൺ അല്ലെങ്കിൽ ബി ടൂ ലെവൽ പാസായർക്കാണ് പ്രോഗാമിൽ പങ്കെടുക്കാൻ അവസരം. നോർക്ക മുഖേന നടത്തുന്ന ഈ പ്രോഗ്രാം പൂർണ്ണമായും സൗജന്യമാണ്. നോർക്ക റൂട്ട്‌സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *