പത്തനംതിട്ട – ജ്യോതിക്ക് ഇനിയും ചോർന്നൊലിക്കുന്ന വീട്ടിൽ കിടക്കേണ്ടി വരില്ല കേട്ടോ.ഭിന്ന ശേഷിക്കാരിയായ ജ്യോതിക്ക് അടച്ചുറപ്പുള്ള വീട് നിർമ്മിച്ചു നൽകും എന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ജ്യോതിയോട് ഒരു ചുംബനത്തിന്റെ അകമ്പടിയോടെ പറയുമ്പോൾ സഹോദരി ഗിരിജയുടെ കണ്ണുകൾ ഈറനണിഞ്ഞു. വർഷങ്ങളായുള്ള സ്വന്തഭവനമെന്ന സ്വപ്നത്തിനാണ് ഇതോടെ ചിറകുവിരിഞ്ഞത്.

പൊട്ടിപ്പൊളിഞ്ഞ ജ്യോതിയുടെ വീടിന്റെ ശോചനീയാവസ്ഥ മാറ്റാൻ പുതിയ വീടിന് അപേക്ഷിക്കാനാണ് സഹോദരി ഗിരിജ ദിവസങ്ങൾക്ക് മുൻപ് കളക്ടറേറ്റിലെത്തിയത്. അപേക്ഷ പരിശോധനയ്ക്കിടയിൽ ജ്യോതിയ്ക്ക് രേഖകളൊന്നുമില്ലെന്ന് മനസിലായി. തുടർന്ന് ജില്ലാ കളക്ടറിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് ജ്യോതിക്ക് റേഷൻ കാർഡ്, ആധാർ കാർഡ് തുടങ്ങിയ രേഖകൾ ലഭ്യമാക്കിയത്.

മുട്ടം ഹരിജൻ കോളനിയിലെ ബ്ലോക്ക് ഇരുപത്തി ഒൻപതാം നമ്പർ വീട്ടിലെത്തിയാണ് കളക്ടർ ഭിന്നശേഷിക്കാരിയായ ജ്യോതിക്ക്(42) റേഷൻ കാർഡും, ആധാർ കാർഡും കൈമാറിയത്. വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന ജ്യോതിയെ സംരക്ഷിക്കുന്നത് സഹോദരി ഗിരിജയും ഗിരിജയുടെ മക്കളായ അനന്ദുവും അഭിജിത്തും ചേർന്നാണ്.
വളയും മാലയും ഏറെ ഇഷ്ടപ്പെടുന്ന ജ്യോതിക്ക് തന്റെ കൈയ്യിലുണ്ടായിരുന്ന കുപ്പിവളകൾ കളക്ടർ ഊരി നൽകി ഒപ്പം ജ്യോതിക്കായി കരുതിയ ഓണക്കോടിയും.

തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, വൈസ് പ്രസിഡന്റ് തോമസ് ടി വർഗീസ്, പഞ്ചായത്ത് അംഗം കെ.സി.പവിത്രൻ, സാമൂഹ്യനീതി വകുപ്പ് ഓഫീസർ ഷംലാ ബീഗം, ഐ.ടി. മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ധനേഷ് തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

