മലപ്പുറം – ഇടത് പാളയത്തിൽനിന്ന് കലാപക്കൊടി ഉയർത്തി പുറത്തുപോവുമ്പോൾ പിവി അൻവർ ഇത്രയും വലിയൊരു മീനാണ് എന്ന പലരും ധരിച്ചില്ല. മലബാറിലെ രാഷ്ട്രീയ ചതുരംഗക്കളിയിൽ വെട്ടാൻ തുടങ്ങിയ അൻവറിനെ ചെക്ക് ചെയ്യാൻ പോലും ത്രാണിയില്ലാത്ത അവസ്ഥയാകുമോ പാർട്ടിക്ക് ഇന്നിപ്പോൾ പലർക്കും ആശങ്ക. 2011 -ൽ ഇടതുമുന്നണിയുടെ ഔദ്യോഗിക സ്ഥാനാർഥിയെ വെട്ടാനുള്ള ആയുധമായി അൻവറിനെ ഇറക്കുകയും ഒടുവിൽ വെട്ടാനിറക്കിയവരെ തന്നെ തിരിച്ചുവെട്ടുന്ന ആയുധമായി അൻവർ ഇപ്പോൾ മാറിയതുമാണ് പലരെയും ഇങ്ങനൊക്കെ ചിന്തിപ്പിക്കുന്നത്.
പി.വി. അൻവറെന്ന പഴയ കോൺഗ്രസുകാരൻ കേരള രാഷ്ട്രീയത്തിൽ സ്ഥാനമുറപ്പിക്കുന്നത് പലരെയും അലോസരപ്പെടുത്തുന്നതാണ്.. ആരെയും കൂസാതെയുള്ള അൻവറിന്റെ ഈ രാഷ്ട്രീയ യാത്ര ഒരിക്കൽ അദ്ദേഹത്തെ ആയുധമാക്കിയ ഇടതുപക്ഷവും ഇപ്പോൾ ഭയപ്പെടുന്നു.. അങ്ങനെ അൻവറിന്റെ നാവിന്റെ മൂർച്ചയിൽ ഇനി ആരൊക്കെ വെട്ടിനുറക്കപ്പെടും എന്ന് കണ്ടറിയണം..
ഇടതിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിച്ച് ഒടുവിൽ ഔദ്യോഗിക സ്ഥാനർഥിയെ ബി.ജെ.പിക്കും പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയ 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ തുടങ്ങുന്നു അൻവറിന്റെ ഒറ്റയാൻയാത്ര. 14 വർഷത്തിന് ശേഷം ഇപ്പോൾ ഇടതുമായി തെറ്റിപ്പിരിഞ്ഞ്, അവർ നൽകിയ എം.എൽ.എ സ്ഥാനവും വലിച്ചെറിഞ്ഞ് തൃണമൂലിനൊപ്പമുള്ള യാത്ര അങ്ങനെ തൃണമായി തള്ളിക്കളയേണ്ടതല്ല ഇന്നിപ്പോൾ പലരും മനസിലാക്കുന്നു.. ‘നിലമ്പൂരിന്റെ കാവലാൾ’ ഇനി മലബാറിലെ മലയോര ജനതയുടെ കാവലാളായി സ്വയം അവരോധിച്ച് പുതിയ രാഷ്ട്രീയ പാതയിലേയ്ക്ക് ഇറങ്ങിയിരിക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുമൊക്കെ അടുത്തപ്പോൾ അൻവറിനും സി.പി.എമ്മിനും എല്ലാം ജീവന്മരണ പോരാട്ടമായി മാറുമെന്ന് ഉറപ്പ്. അൻവർ “ഒരു ചെറിയ മീനല്ല” എന്ന് പലരും തിരിച്ചറിയുന്നു.


