പത്തുവയസ്സുകാരിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു : 16 വയസുകാരൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

Crime
Print Friendly, PDF & Email

അടൂര്‍: അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പത്തു വയസുകാരിയെ ബലമായി കടത്തിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസില്‍ രണ്ടുപേരെ പോലീസ് പിടികൂടി. ഒന്നാം പ്രതി എറണാകുളം പെരുമ്പാവൂര്‍ വടയമ്പാടി പത്താം മൈല്‍ കക്കാട്ടില്‍ വീട്ടില്‍ സുധീഷ് രമേശ് (19) റിമാന്‍ഡിലായി. ഇയാള്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ആംബുലന്‍സ് ഡ്രൈവറാണ്. രണ്ടാം പ്രതി പതിനഞ്ചുകാരനാണ്. ചേന്നംപുത്തൂര്‍ കോളനിക്ക് സമീപം കഴിഞ്ഞ ഒമ്പതിന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. ഇയാള്‍ കുട്ടിയെ വീടിനു സമീപത്തു നിന്നും കടത്തിക്കൊണ്ടുപോയി തൊട്ടടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൗമാരക്കാരനും ലൈംഗികപീഡനത്തിന് വിധേയയാക്കി. നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോള്‍ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് കൗമാരക്കാരന്‍ പീഡിപ്പിച്ചു.

വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. മാതാവിന്റെ സാന്നിധ്യത്തില്‍ എ.എസ്.ഐ മഞ്ജുമോള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാം മുരളി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തെളിവുകള്‍ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തുകയും സുധീഷിനെ ചേന്നംപുത്തൂര്‍ കോളനിയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂട്ടബലാല്‍സംഗ കേസ് ആയതിനാല്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിനാണ് അന്വേഷണച്ചുമതല. പ്രതിയുടെയും കൗമാരക്കാരന്റെയും ഫോട്ടോ ഫോണില്‍ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞിരുന്നു. ഇരുവരുടെയും വൈദ്യപരിശോധന അടക്കമുള്ള നടപടികള്‍ പോലീസ് നടത്തി. കൗമാരക്കാരനെ നിയമനടപടികള്‍ക്ക് വിധേയനാക്കുകയും, വിവരം മാതാവിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. കൂടാതെ ശിശുസംരക്ഷണ ഓഫീസറെ അറിയിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. ഇയാളെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *