ആറാംക്ളാസിൽ പഠിക്കുന്ന വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം : പ്രതിക്ക് 9 വർഷം കഠിനതടവും 85000 രൂപ പിഴയും

Crime
Print Friendly, PDF & Email

പത്തനംതിട്ട – ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക് 9 വർഷം കഠിനതടവും 85000 പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. കഴിഞ്ഞവർഷം മേയ് 22 ന് കോന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിച്ചത്. ജഡ്ജി റ്റി മഞ്ചിത്തിന്റേതാണ് വിധി.കോന്നി ഐരവൺ കുമ്മണ്ണൂർ നെടിയകാലാ പുത്തൻവീട്ടിൽ സിദ്ദീഖ് ജമാലുദ്ദീനെ (54) യാണ്‌ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തെ കഠിനതടവും 50000 രൂപ പിഴയും, കടത്തിക്കൊണ്ടുപോകലിന് മൂന്നുവർഷവും ഇരുപത്തയ്യായിരം രൂപയും, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം അനുസരിച്ച് ഒരു വർഷവും 10000 രൂപയും ആണ് കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം 4 മാസവും 10 ദിവസവും കഠിന തടവുകൂടി അനുഭവിക്കണമെന്നും കോടതിവിധിയിൽ പറയുന്നു.

2023 ഏപ്രിൽ ഒന്നിനും മേയ് 31 നുമിടയിലുള്ള ദിവസങ്ങളിൽ കുട്ടിയുടെ അമ്മവീടിന്റെ പരിസരത്തും, പ്രതിയുടെ വീട്ടിലും വെച്ച് പലതവണ ദേഹത്ത് കടന്നുപിടിച്ചും മറ്റും ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. ആദ്യ തവണ പശുവിനെ തീറ്റാൻ പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി വനംവകുപ്പിന്റെ തേക്ക് പ്ലാന്റേഷൻ ഭാഗത്ത് വെച്ച് കുട്ടിക്ക് നേരെ അശ്ലീല പ്രദർശനം നടത്തി. അടുത്തദിവസം പ്രതിയുടെ വീട്ടിനുള്ളിൽ വച്ച് റീൽസ് എടുക്കാമെന്ന് പറഞ്ഞ് പ്രതി മൊബൈൽ ഫോൺ കുട്ടിയെ ഏൽപ്പിച്ച ശേഷം തന്റെ രഹസ്യ ഭാഗങ്ങളിൽ കുട്ടിയെ കൊണ്ട് ബലമായി പിടിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഇയാളുടെ വീട്ടിൽ വച്ച് തന്നെ കുട്ടിയുടെ ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തുകയും, കുട്ടിയെ വിവസ്ത്രനാക്കി രഹസ്യ ഭാഗങ്ങളുടെ ചിത്രങ്ങൾ തന്റെ മൊബൈൽ ഫോണിൽ എടുക്കുകയും ചെയ്തു. തുടർന്ന് വിവരങ്ങൾ പുറത്തു പറഞ്ഞാൽ ഫേസ്ബുക്കിൽ ഇടുകയോ, മറ്റുള്ളവരെ കാണിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ റോഷൻ തോമസ് കോടതിയിൽ ഹാജരായി. എ എസ് ഐ ഹസീന പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി.

Leave a Reply

Your email address will not be published. Required fields are marked *