കോഴഞ്ചേരി: മലയാള മാധ്യമങ്ങൾ സനാതന ധർമ്മത്തിന്റെ മാംസം കൊത്തിത്തിന്നാൻ കൊതിയോടെ കാക്കുന്ന കഴുകനെപ്പോലെയെന്ന് മാധ്യമവിചാരം ചർച്ചയിൽ വിമർശനം. 113-മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ മൂന്നാം ദിവസം നടന്ന മാധ്യമവിചാരം പരിപാടിയിൽ മലയാള മാധ്യമങ്ങളുടെ വികലമായ നിലപാടുകൾക്കെതിരെ നിശിതമായ വിമർശനങ്ങളാണ് മാധ്യമ പ്രവർത്തകരിൽ നിന്നുയർന്നത്.
മംഗളം മുൻ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് കൂടിയായ സജിത് പരമേശ്വരൻ സംയോജകനായ മാധ്യമ വിചാരം പരിപാടിയിൽ മുതിർന്ന മാധ്യമ പ്രവർത്തകരാണ് പങ്കെടുത്തത്. പണത്തിന്റെയും അധികാരത്തിന്റെയും സോഷ്യൽ മീഡിയ പിൻതുണയുടെയും ആവേശത്തിൽ മാധ്യമ പ്രവർത്തകർ സംഘടിത മത മുലധന ശക്തികളുടെയും ഇടത് ഇസ്ലാമിക ശക്തികളുടെയും താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സാഹചര്യമാണുള്ളതെന്ന് എല്ലാ മാധ്യമ പ്രവർത്തകരും അഭിപ്രായപ്പെട്ടു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആദ്ധ്യാത്മിക സംഗമമായ മഹാകുംഭമേള ആരംഭിച്ച് ദിവസങ്ങളോളം ഒരു വാർത്തയും അതെപ്പറ്റി പ്രസിദ്ധീകരിക്കാതിരുന്ന മലയാള മാധ്യമങ്ങൾ, കുംഭമേളയ്ക്കിടെ ഒരു അപകടം ഉണ്ടായതോടെ അവിടെ പോയി ക്യംപ് ചെയ്യുകയാണെന്ന് മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയ പറഞ്ഞു. കുംഭമേളയിലെ വിശേഷങ്ങൾ മലയാളികളെ അറിയിക്കാനല്ല മറിച്ച് ഇനി ഒരപകടം ഉണ്ടായാൽ അത് ആഘോഷമാക്കുന്നതിനായാണ് അവർ അവിടെ ക്യാംപ് ചെയ്യുന്നത്. കുംഭമേളയിലെ അപക്വരായ മനുഷ്യരുടെ ചെയ്തികൾ മുഴുവനാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഹിന്ദു സമുഹത്തോട് ശത്രുതാപരമായ സമീപനമാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നത്. ഹൈന്ദവർക്ക് സ്വധർമ്മത്തെപ്പറ്റിയുള്ള അജ്ഞത മുതലെടുത്ത് ഹൈന്ദവ മൂല്യങ്ങളെ വികലമായി ചിത്രീകരിക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നത്. സനാതന ധർമ്മം കേവലം ഹിന്ദു മതത്തിന്റെ മാത്രം സ്വത്തല്ലെന്നും മറിച്ച് മുഴുവൻ ഭാരതീയരുടേതുമാണെന്നും മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയാ പ്രസംഗത്തിൽ പറഞ്ഞു.
സനാതന ധർമ്മത്തെ ഇകഴ്ത്തുന്നതിന് മാധ്യമങ്ങൾക്കൊപ്പം ഇടത് ഇസ്ലാമിക ശക്തികളും ചില രാഷ്ട്രീയ സംഘടനകളും അതിശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എ ബി സി മലയാളം ന്യൂസ് ചീഫ് എഡിറ്റർ വടയാർ സുനിൽ അഭിപ്രായപ്പെട്ടു. സനാതന ധർമ്മത്തെ നിർമ്മാർജനം ചെയ്യണമെന്ന അഭിപ്രായമാണ് തമിഴ്‌നാട് മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം ഉള്ളത്. ആർ എസ് എസ് എന്ന് ആരോപിച്ച് മുഴുവൻ ഹൈന്ദവരെയും വംശഹത്യ ചെയ്യണമെന്നാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്. ഒരാൾ ഈഴവനെന്നൊ നായരെന്നോ, നമ്പൂതിരി എന്നൊ പുലയൻ എന്നോ സ്വയം പരിചയപ്പെടുത്തിയാൽ ആർക്കും കുഴപ്പമില്ല. എന്നാൽ അയാൾ ഹിന്ദു എന്ന് പരിചയപ്പെടുത്തിയാൽ ഇക്കൂട്ടരുടെ ശത്രുവാകും.
മഹാരാജാസ് കോളേജിലെ എസ് എഫ് ഐക്കാരനായ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെടുന്നതിന് ഒരാഴ്ച്ച മുൻപ് ഇസ്ലാമിസ്റ്റുകൾ ആർ എസ് എസ്സിന്റെ പേര് പറഞ്ഞ് മുഴുവൻ ഹിന്ദുക്കളേയുമാണ് ലക്ഷ്യമിടുന്നതെന്ന് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. സ്വന്തം മനസാക്ഷിയ്ക്കനുസരിച്ച് സത്യസന്ധമായി അഭിപ്രായങ്ങൾ പറയുന്നവരെ പിൻതുണക്കാൻ ആളില്ല. എന്നാൽ മനസാക്ഷിയെയും സത്യത്തെയും മാറ്റിവെച്ചു ദേശീയതക്കെതിരെയോ, ഹിന്ദുക്കൾക്കെതിരെയോ എഴുതിയാൽ, ഇപ്പോൾ സന്ദീപ് വാര്യർക്ക് ലഭിച്ചതു പോലെ വലിയ സ്വീകാര്യത ലഭിക്കുമെന്നും വടയാർ സുനിൽ അഭിപ്രായപ്പെട്ടു
ജന്മഭുമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാർ, മാതൃഭൂമി മുൻ ജില്ലാ ലേഖകൻ എസ്.ഡി വേണുകുമാർ, സ്വതന്ത്ര മാധ്യമ പ്രവർത്തകനായ ജി.കെ കൃഷ്ണഗോപാൽ, എ.കെ.അനുരാജ്, എം.അയ്യപ്പൻകുട്ടി, കെ. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.


