കോഴഞ്ചേരി – മാരാമൺ കൺവൻഷൻ ഫെബ്രുവരി ഒമ്പത് മുതൽ 16 വരെ പമ്പാനദിക്കരയിലെ മാരാമൺ മണൽപ്പുറത്ത് നടക്കും. ഫെബ്രുവരി ഒമ്പതിന് പകൽ 2.30 ന് മാർത്തോമ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പതിനായിരക്കണക്കിന് വിശ്വാസികൾക്ക് ഇരിക്കാൻ പാകത്തിലുള്ള ഓലമേഞ്ഞ പന്തൽ, അമ്മമാർക്കും കുട്ടികൾക്കുമായി കുട്ടിപ്പന്തൽ അടക്കം വിപുലമായ സൗകര്യങ്ങൾ. നദിക്ക് കുറുകെ മൂന്ന് താൽക്കാലിക പാലങ്ങൾ പൂർത്തിയായി. മനുഷ്യ സ്നേഹത്തിന്റെയും, കരുതലിന്റെയും, പ്രകൃതി സംരക്ഷണത്തിന്റെയും വചനങ്ങൾ ഉദ്‌ഘോഷിക്കുന്ന കൺവൻഷനിൽ പതിനായിരങ്ങൾ ഒഴുകിയെത്തും.

മാർത്തോമ സഭയിലെ ബിഷപ്പുമാരെക്കൂടാതെ അഖില ലോക സഭാ കൗൺസിൽ ജനറൽ സെക്രട്ടറി റവ. ഡോ. ജെറി പിള്ള (സ്വിറ്റ്‌സർലൻഡ്), കൊളംബിയ തിയോളജിക്കൽ സെമിനാരി പ്രസിഡന്റ് റവ. ഡോ. വിക്ടർ അലോഗോ, ഡോ. രാജ്കുമാർ രാംചന്ദ്രൻ (ന്യുഡൽഹി) എന്നിവർ പങ്കെടുക്കും. കൂടാതെ മറ്റു സഭകളിലെ തിരുമേനിമാരും, മാർത്തോമാ സഭയിലെ സഫ്രഗൻ മെത്രോപ്പൊലീത്തമാർ, എപ്പിസ്‌കോപ്പാമാർ തുടങ്ങിയവർ പ്രസംഗിക്കും. 20 പ്രധാന യോഗങ്ങൾ, ബൈബിൾ ക്ലാസുകൾ, യുവവേദികൾ, വനിതാ വേദികൾ, പ്രകൃതി സംരക്ഷണ യോഗങ്ങൾ, ലഹരിവിമോചന സമ്മേളനം, ഗാനശ്രുശ്രൂഷകൾ, കുടുംബവേദി യോഗങ്ങൾ, 12 വയസിന് മുകളിലുള്ളവരുടെ പ്രതിഷ്ഠാ ശുശ്രൂഷ, ആഗോളപ്രാർഥന സംഗമം, ഹരിതറാലി തുടങ്ങിയ വിവിധ പരിപാടികളോടെയാണ് വിപുലമായാണ് കൺവൻഷൻ നടത്തുന്നത്.

കേന്ദ്ര-, സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കൺവൻഷൻ ക്രമീകരണങ്ങളിൽ സഹകരിക്കുന്നു. കെഎസ്ആർടിസി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് പ്രത്യേകം ബസ് സർവീസ് ക്രമീകരിക്കും. പൊലീസ്, അഗ്നിശമനസേന, ആരോഗ്യവകുപ്പ്, ടെലികോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും കൺവൻഷൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു.


