തിരുവല്ല നഗര മദ്ധ്യത്തിൽ ഏഴ് കുടുംബങ്ങൾ സ്ഥിരം വെള്ളക്കെട്ടിൽ

Kerala Pathanamthitta

തിരുവല്ല: മഴ പെയ്താൽ പുഷ്പഗിരി റെയിവേ ക്രോസിന് സമീപത്തെ വീടുകളിൽ വെള്ളം കയറുന്നത് പതിവാകുന്നു. മഞ്ഞാടി പുഷ്പഗിരി റോഡിൽ തിരുവല്ല നഗരസഭയിലെ പതിനാലാം വാർഡിൽ റെയിവേ ക്രോസിന് താഴോട്ടുള്ള ഭാഗത്തെ താഴ്ന്ന പ്രദേശത്തുള്ള വീട്ടുകാരാണ് ദുരിതത്തിലായിരിക്കുന്നത്. ചെറിയ മഴപെയ്താൽ പോലും ഈ ഭാഗത്തെ വീടുകളിൽ വെള്ളം ഉയരും. പിഡ്യുഡിയുടെയും തിരുവല്ല നഗരസഭയുടെയും അനാസ്ഥ മൂലമാണ് തങ്ങൾ ദുരിതത്തിലായിരിക്കുന്നതെന്ന് ഈ പ്രദേശവാസികൾ പറയുന്നത്. റെയിവേയുടെ തിരുവനന്തപുരം ഡിവിഷനു കീഴിൽ വരുന്ന ഈ പ്രദേശത്ത് പാത ഇരട്ടിപ്പിക്കലിന് വേണ്ടി സ്ഥലം നൽകിയവർക്കാണ് ഈ ദുർഗതി വന്നിരിക്കുന്നത്. പാതയുടെ സംരക്ഷണത്തിനായി ഈ ഭാഗത്തായി വലിയ സംരക്ഷണ ഭിത്തിയും നിർമ്മിച്ചിട്ടുണ്ട്. ഈ ഭാഗത്ത് പിഡ്യുഡിയുടെയും നഗരസഭയുടെയും അധീനതയിലുള്ള കലുങ്ക് മൂടിയ നിലയിലുമാണ്. ഇതോടെ ഈ ഭാഗത്ത് കൂടി ഒഴുകി വരുന്ന വെള്ളം പോകാൻ മറ്റ് മാർഗങ്ങൾ ഇല്ലാതെയായി. റയിവേ പാതയുടെ അടിയിൽ കൂടി നിർമ്മിച്ചിരിക്കുന്ന pwdയുടെ കലുങ്ക് ട്രെയിൻ പോകുന്നതിന്റെ ഭാരം കാരണം ഇരുത്തി അടയുകയും ചെയ്തു. ഇതുമൂലം റെയിവേയുടെ സംരക്ഷണ ഭിത്തിയും തകർന്ന് വീണ് വലിയ ദുരന്തം ഉണ്ടാകുന്ന അവസ്ഥയിലാണ്. കട്ടത്തറയിൽ പൊന്നമ്മ ദാനിയേൽ, കുന്നത്ര തെക്കേതിൽ ശാന്തമ്മ, രാജാസ് വീട്ടിൽ ശാലു മിനു, പോളചിറയിൽ പി കെ വിജയൻ, ഇരട്ടപ്ലാമൂട്ടിൽ ഏലിയാമ്മ യോഹന്നാൻ, കണ്ടപ്ലാക്കൽ ബീനാ സുരേഷ്, ഗൗരി എന്നിവരുടെ വീടുകളാണ് ദുരിതത്തിലായിരിക്കുന്നത്. ഇവരുടെ വീട്ടുപകരണങ്ങളും കുട്ടികളുടെ പഠനഉപകരണങ്ങളും നശിച്ചു പോയിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇരുപതിലധികം തവണയാണ് ഈ ഭാഗത്തെ വീടുകളിൽ വെള്ളം കയറിയത്. ഇന്നലെ പെയ്ത കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ ഈ വീടുകളിലെ ആളുകളെ തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്.

യുഡിഎഫ് സംഘം സ്ഥലം സന്ദർശിച്ചു.

തിരുവല്ല: കഴിഞ്ഞ പെയ്ത കനത്ത മഴയിൽ വെള്ളം കയറിയ തിരുവല്ല മുൻസിപാലിറ്റി പതിനാലാം വാർഡിലെ പുഷ്പഗിരി റെയിവേ ക്രോസിന് സമീപത്തെ വീടുകൾ യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, നഗരസഭാ കൗൺസിലർമാരായ ജേക്കബ് ജോർജ് മനയ്ക്കൽ, ഫിലിപ്പ് ജോർജ്, കോൺഗ്രസ് നേതാവ് സുബിൻ നീറുംപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ചെറിയ മഴയിൽ പോലും നിരന്തരം വെള്ളം കയറുന്ന ഈ പ്രദേശത്തെ ആളുകളും വീടും കൃഷിയും വീട്ടുപകരണങ്ങളും നിരന്തരം നശിച്ചു പോകുന്നത് മൂലം വലിയ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. പിഡ്യുഡിയുടെയും നഗരസഭയുടെയും അനാസ്ഥ കാരണം പല വീടുകളും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്. റെയിവേയുടെ സംരക്ഷണ ഭിത്തിയും ഈ ഭാഗത്ത് തകർന്ന് വീണ് വലിയ ദുരന്തം ഉണ്ടാകുന്ന അവസ്ഥയിലാണ്. പിഡ്യുഡിയുടെ കലുങ്ക് പുനഃസ്ഥാപിച്ച് ഈ ഭാഗത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു. ഈ വിഷയം ഉയർത്തി വരും ദിവസങ്ങളിൽ നാട്ടുകാർക്കൊപ്പം സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫോട്ടോ: കനത്ത മഴയിൽ വെള്ളം കയറിയ തിരുവല്ല മുൻസിപാലിറ്റി പതിനാലാം വാർഡിലെ പുഷ്പഗിരി റെയിവേ ക്രോസിന് സമീപത്തെ വീടുകൾ യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ വർഗീസ് മാമ്മന്റെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ..

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *