ശബരിമല: പുല്ലുമേട് – സന്നിധാനം കാനനപാതയിൽ വനത്തിനുള്ളിൽ കുടുങ്ങിയ മാളികപ്പുറങ്ങളെ അഗ്‌നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് രക്ഷപ്പെടുത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് നിന്നും ശബരീശ ദർശനത്തിനായി എത്തിയ തീർത്ഥാടക സംഘത്തോടൊപ്പം ഉണ്ടായിരുന്ന രാധ (58) , ശാന്ത (60) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. തീർത്ഥാടക സംഘത്തോടൊപ്പം സന്നിധാനത്തേക്ക് വരികയായിരുന്ന ഇരുവരും ശാരീരിക അവശതയെ തുടർന്ന് വനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു.
ഇവരോടൊപ്പം എത്തിയ സംഘാംഗങ്ങൾ പാണ്ടിത്താവളത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ വിവരമറിയിച്ചു. അഗ്‌നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവിൽ സന്നിധാനത്ത് നിന്നും രണ്ട് കിലോമീറ്റർ മാറി പോടംപ്ലാവിൽ നിന്നും കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്ട്രച്ചറിൽ ഇരുവരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കാരണം രണ്ട് ദിവസമായി അടച്ചിട്ടിരുന്ന കാനനപാത രാവിലെയോടെ ആണ് വീണ്ടും തുറന്നു കൊടുത്തത്.


